CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 39 Seconds Ago
Breaking Now

യുക്മ കേരളപിറവി ദിനാഘോഷങ്ങള്‍ നവംബര്‍ ഒന്നിന് ; നൃത്തസംഗീത പരിപാടികളോടൊപ്പംജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി അക്കിത്തത്തിന് സ്മരണാഞ്ജലികളോടെ കാവ്യകേളിയും ; കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം

1956 നവംബര്‍ ഒന്നിന് നിലവില്‍ വന്ന സംസ്ഥാന പുനരേകീകരണ നിയമ പ്രകാരം ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനം 64 ന്റെ നിറവിലേക്ക് കടക്കുമ്പോള്‍ പ്രവാസി മലയാളി സംഘടനകളിലെ പ്രഥമ സ്ഥാനീയരായ യുക്മ കേരളപിറവി സമുചിതമായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഉചിതമായ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുവാനുള്ള അവസരം കൂടിയാണ് യുക്മ ഈ പ്രോഗ്രാമിലൂടെ ഒരുക്കുന്നത്. മനുഷ്യ സ്‌നേഹത്തിന്റേയും ജീവിത വിശുദ്ധിയുടേയും നറുനിലാവ് പൊഴിച്ച് കടന്നു പോയ മഹാകവി അക്കിത്തമാണ്, മലയാള കവിതയിലെ ആധുനികതയ്ക്ക് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഖണ്ഡകാവ്യത്തിലൂടെ 1952 ല്‍ തുടക്കം കുറിച്ചത്. നന്‍മയും വെളിച്ചവും നിറഞ്ഞ കവി ഹൃദയം തന്റെ കവിതകളിലൂടെ മലയാളിക്ക് പകര്‍ന്ന് തന്നത് കാലങ്ങളെ അതിജീവിക്കുന്ന അക്ഷര സ്‌നേഹസാരമാണ്.

യുക്മ ഫേസ്ബുക്ക് പേജില്‍ നവംബര്‍ ഒന്നിന് ഉച്ച  കഴിഞ്ഞ് മൂന്ന് മണി മുതല്‍ ലൈവായി നടക്കുന്ന ആഘോഷങ്ങള്‍ക്ക് കലാ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകളുമായ് ഒത്ത് ചേരും. കാവ്യകേളിയും വൈവിധ്യമാര്‍ന്ന നൃത്തസംഗീത പരിപാടികളുമായി നിരവധി പ്രശസ്ത കലാകാരന്‍മാര്‍ പങ്ക് ചേരുമ്പോള്‍ ഏറെ ആസ്വാദ്യകരമായ ഒരു ദൃശ്യശ്രാവ്യ വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മലയാള കവിതയുടെ മുഴുവന്‍ ഭംഗിയും പ്രേക്ഷകരിലെത്തിക്കുവാന്‍ കഴിയുന്ന പ്രതിഭാശാലികളായ ശ്രീകാന്ത് താമരശ്ശേരി, സീമാ രാജീവ്, ജീനാ നായര്‍ തൊടുപുഴ, അനില്‍ കുമാര്‍ കെ പി, അയ്യപ്പശങ്കര്‍ വി എന്നിവരാണ് കാവ്യകേളിയില്‍ അണി നിരക്കുന്നത്. കൈരളി അക്ഷരശ്ലോക രംഗം പരേതനായ കെ എന്‍ വിശ്വനാഥന്‍ നായര്‍ സാറിന്റെ ശിഷ്യനായ ശ്രീകാന്ത് നമ്പൂതിരിയാണ് കാവ്യകേളിയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അക്ഷരശ്‌ളോകം, കാവ്യകേളി വിഭാഗങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് ഉടമയായ ശ്രീകാന്ത് മലയാള ഭാഷാ പണ്ഡിതനായ രാമന്‍ നമ്പൂതിരിയുടെ ചെറുമകനാണ്. ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ശ്രീകാന്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാരായണീയം ശ്ലോക സദസ്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്, കൈരളി ടിവിയിലെ കവിതയുടെ റിയാലിറ്റി ഷോ മാമ്പഴം സീസണ്‍ 2 എന്നിവയിലെ വിജയിയായിരുന്നു.

കാനഡയിലെ കാല്‍ഗറിയില്‍ നിന്നും കാവ്യകേളി ടീമിനൊപ്പം  പങ്ക് ചേരുന്ന സീമ രാജീവ് അക്ഷര ശ്ലോക വേദികളിലെ സ്ഥിര സാന്നിദ്ധ്യമാണ്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് ഗതിവേഗം കൂട്ടിയ വി .ടി  ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിലെ അഭിനേതാവും,  കേരളത്തിലെ ഒട്ടുമിക്ക അക്ഷശ്ലോക മത്സര വേദികളില്‍ പങ്കെടുക്കുകയും , രണ്ടു  തവണ  ഗുരുവായൂരപ്പന്‍ സുവര്‍ണ മുദ്ര,  തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ 7 ഓളം സുവര്‍ണ മുദ്രകള്‍ നേടിയ  അന്തരിച്ച ശ്രീ സുബ്രമണ്യന്‍ നമ്പൂതിരിയുടെ മകളും, കാല്‍ഗറിയിലെ  സാമൂഹ്യ, സാഹിത്യ വേദികളില്‍ നിറ  സാന്നിദ്ധ്യമായ രാജീവ് ചിത്രഭാനുവിന്റെ സഹധര്‍മ്മിണിയുമാണ്.

യു കെയിലെ അക്ഷര ശ്ലോക കൂട്ടായ്മയിലെ സജീവാംഗമായ അനില്‍കുമാര്‍ കെ പി  ബര്‍മിങ്ഹാമില്‍ താമസിക്കുന്നു. ഒരു തികഞ്ഞ സാഹിത്യാസ്വാദകനായ അനില്‍ കുമാര്‍ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കവിതാ സന്ധ്യയില്‍ പങ്കെടുത്ത് കവിത അവതരിപ്പിച്ചിട്ടുണ്ട്. 

10 വയസ്സ് മുതല്‍ അക്ഷര ശ്ലോകം പഠിക്കാന്‍ തുടങ്ങിയ ജീന നായര്‍ തൊടുപുഴ, സ്‌കൂള്‍ കലോത്സവങ്ങളില്‍   മലയാളം , സംസ്‌കൃതം കവിതാ   പാരായണ മത്സരങ്ങളില്‍ സമ്മാനങ്ങള്‍  കരസ്ഥമാക്കിയിട്ടുണ്ട് . ഇപ്പോള്‍ ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ സകുടുംബം  താമസിക്കുന്ന ജീന, പരേതനായ ശ്രീ. എം കെ ദാമോദരന്‍ ആചാരിയുടെ ശിഷ്യയാണ്.

 ഈസ്റ്റ്‌ബോണില്‍ താമസക്കാരനായ അയ്യപ്പശങ്കര്‍ വി അക്ഷര ശ്ലോക, കാവ്യകേളി വേദികളിലെ ഒരു സ്ഥിരസാന്നിദ്ധ്യമാണ്. കൈരളി അക്ഷര ശ്ലോക രംഗം പരേതനായ വിശ്വനാഥന്‍ നായര്‍ സാറിന്റെ ശിഷ്യനാണ്.

 മാനവ സ്‌നേഹത്തിന്റേയും സൌമ്യതയുടേയും നിറച്ചാര്‍ത്തണിഞ്ഞ് നില്‍ക്കുന്ന അക്കിത്തം കവിതയുടെ മുഴുവന്‍ മനോഹാരിതയും പ്രേക്ഷകരിലെത്തിക്കുവാന്‍ കഴിയുന്ന ഒരു ടീമാണ് കേരളപിറവി ദിനാഘോഷത്തില്‍ നമ്മോടൊപ്പം ലൈവില്‍ പങ്ക് ചേരുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, യുക്മ കേരളപിറവി ദിനാഘോഷം  മലയാളികളുടെ ഒരു മഹാ ആഘോഷമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. 

യു കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ദീപ നായരാണ് ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ യു കെയിലെ പ്രശസ്തമായ റെക്‌സ് ബാന്‍ഡിലെ റെക്‌സ് ജോസ് ആണ് ഒരുക്കുന്നത്. ഏവരേയും യുക്മ കേരളപിറവി ആഘോഷങ്ങളിലേക്ക് യുക്മ ദേശീയ സമിതി സ്വാഗതം ചെയ്തു കൊള്ളുന്നു.

കുര്യന്‍ ജോര്‍ജ്ജ്  

(യുക്മ ദേശീയ സമിതി അംഗം)




കൂടുതല്‍വാര്‍ത്തകള്‍.