സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം ലൈഫ് മിഷന് വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടാനായി യൂണിടാക്ക് എംഡി. സന്തോഷ് ഈപ്പന് നല്കിയ ഐഫോണ്‍ ലഭിച്ചവരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും. യൂണിടാക്ക് കമ്പനി കോടതിയില്‍ നല്കിയ ഐഎംഇഐ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന് പദ്ധതികളുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍.
ലൈഫ് മിഷന് കരാര്‍ ഉറപ്പാക്കുന്നതിനായി പണത്തിന് പുറമേ ആറ് ഐഫോണുകള്‍ സ്വപ്നയ്ക്ക് കോഴയായി സന്തോഷ് ഈപ്പന് നല്‍കിയിരുന്നു. ഇതില്‍ ഒരു ഫോണ്‍ ലഭിച്ചത് ശിവശങ്കറിനാണെന്ന് വ്യക്തമാക്കുന്ന തെളിവാണ് പുറത്തുവന്നിരിക്കുന്നത്. ശിവശങ്കര്‍ പതിവായി ഉപയോഗിച്ചിരുന്നത് ഈ ഫോണാണെന്ന് കോടതി രേഖകളില്‍ വ്യക്തമാണ്.
ലൈഫ് മിഷന് കരാറിനായി നാല് കോടി 48 ലക്ഷം രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു. ഇത് കൂടാതെ ആറ് ഐഫോണുകളും വാങ്ങി നല്കി. യുഎഇ കോണ്‍സുലേറ്റിനായാണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയതെന്ന് സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയ്സില്‍ അഞ്ചു ഫോണുകള്‍ക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകളുണ്ടായിരുന്നു. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നല്കിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കേസിലും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണു സന്തോഷ് ഈപ്പന്റെ മൊഴിയെങ്കിലും ഫോണ്‍ െകെമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണു സിബിഐ നിലപാട്.