CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 27 Seconds Ago
Breaking Now

ഫ്രാന്‍സിലെ ചര്‍ച്ചില്‍ സ്ത്രീയുടെ തലയറുക്കുകയും, മറ്റ് രണ്ട് കത്തോലിക്കരെ കൊല്ലുകയും ചെയ്തത് 21-കാരനായ ടുണീഷ്യന്‍ കുടിയേറ്റ ഇസ്ലാമിക ഭീകരന്‍; ചാര്‍ലി ഹെബഡോ കാര്‍ട്ടൂണിന്റെ പേരില്‍ അല്‍ഖ്വായ്ദ ജിഹാദിന് ആഹ്വാനം ചെയ്തതിന് പിന്നാലെ ബസലിക്കയിലെ കുര്‍ബാനയ്ക്ക് ഒരുങ്ങവെ അക്രമണം

ഫ്രാന്‍സിന് നേരെ അക്രമണം നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കിയ മാക്രോണ്‍ ഇതുകൊണ്ടൊന്നും തങ്ങളുടെ മൂല്യം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും കൂട്ടിച്ചേര്‍ത്തു.

'അല്ലാഹു അക്ബര്‍' മുഴക്കി ഫ്രാന്‍സിലെ കത്തോലിക്കാ പള്ളിയില്‍ ഒരു സ്ത്രീയുടെ തലയറുക്കുകയും, മറ്റ് രണ്ട് പേരെ കൊല്ലുകയും ചെയ്ത ഇസ്ലാമിക ഭീകരന്‍ 21-കാരനായ ടുണീഷ്യന്‍ അഭയാര്‍ത്ഥിയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ മാസം കുടിയേറ്റ ബോട്ടില്‍ യൂറോപ്പിലെത്തിയ ബ്രാഹിം എയൗസൗവിയാണ് നൈസിലെ നോട്രെ ഡാം ബസലിക്കയില്‍ 12 ഇഞ്ച് നീളമുള്ള കത്തിയുമായി വിശ്വാസികളെ അക്രമിച്ചത്. പള്ളിയിലെ പരിശുദ്ധ വെള്ളത്തിന് സമീപം പ്രായമായ സ്ത്രീയുടെ തലവെട്ടിയെടുക്കാനുള്ള ശ്രമത്തില്‍ കഴുത്ത് മുറിക്കുകയും ചെയ്തു. 

ദിവസത്തിലെ ആദ്യത്തെ കുര്‍ബാനയ്ക്ക് ഒരുങ്ങിയ 54-കാരനായ പുരോഹിതന്‍ വിന്‍സന്റ് ലോക്വസിനെയും അക്രമി വെട്ടിക്കൊന്നു. ബ്രസീല്‍ വംശജയായ 44-കാരി സിമോണ്‍ ബാരെറ്റോ സില്‍വ പരുക്കുകളോടെ അടുത്തുള്ള ബര്‍ഗര്‍ ബാറില്‍ അഭയം തേടിയെങ്കിലും മരണത്തിന് കീഴടങ്ങി. 'എന്റെ മക്കളോട് പറയണം ഞാന്‍ അവരെ സ്‌നേഹിക്കുന്നുവെന്ന്', എന്നായിരുന്നു പാരാമെഡിക്കുകളോട് മൂന്ന് മക്കളുടെ അമ്മയായ സിമോണിന്റെ അവസാന വാക്കുകള്‍. 

'ദൈവം മഹാനാണ്' എന്ന് അറബിയില്‍ ആക്രോശിച്ച് നിന്ന ഭീകരനെ 14 തവണ നിറയൊഴിച്ചാണ് സായുധ പോലീസ് വീഴ്ത്തിയത്. മെഡിക്കേഷനില്‍ അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നൈസ് മേയര്‍ ക്രിസ്റ്റിയന്‍ എസ്‌ട്രോസി പറഞ്ഞു. രാവിലെ 6.30ന് നൈസിലെ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ എയൗസൗവി വസ്ത്രങ്ങള്‍ മാറ്റി 8.30ന് പള്ളിയിലെത്തുകയായിരുന്നു. ഏകദേശം അര മണിക്കൂര്‍ ഇയാള്‍ ഇവിടെ നിന്നതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കി. 

സെപ്റ്റംബര്‍ 20ന് യൂറോപ്പില്‍ പ്രവേശിച്ച ഇയാള്‍ ഒക്ടോബര്‍ 9നാണ് പാരീസില്‍ എത്തിയത്. രണ്ട് ഉപയോഗിക്കാത്ത കത്തികള്‍, ഒരു ഖുറാന്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്ക് പുറമെ ഒരു ബാഗില്‍ ചില സ്വകാര്യ വസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫ്രഞ്ച് സുരക്ഷാ ഏജന്‍സികള്‍ക്ക് ഇയാളെ കുറിച്ച് അറിവുണ്ടായില്ല. ഞായറാഴ്ച കത്തോലിക്കര്‍ ആള്‍ സെയിന്റ്‌സ് ഡേ ആചരിക്കാന്‍ ഒരുങ്ങവെ അക്രമണങ്ങള്‍ അരങ്ങേറിയതോടെ രാജ്യത്തെ സുരക്ഷാ പരിധി അടിയന്തരമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 

ചാര്‍ലി ഹെബെഡോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ജിഹാദ് നടത്താന്‍ അല്‍ഖ്വായ്ദ ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകം. സംഭവത്തിന് പിന്നാലെ നൈസില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പള്ളികള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഫ്രാന്‍സിന് നേരെ അക്രമണം നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കിയ മാക്രോണ്‍ ഇതുകൊണ്ടൊന്നും തങ്ങളുടെ മൂല്യം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.