CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 1 Seconds Ago
Breaking Now

യുകെയില്‍ കൊറോണ വാക്‌സിന്‍ അടുത്ത മാസം പുറത്തിറക്കും! ഫിസര്‍ വാക്‌സിന്‍ യുകെ റെഗുലേറ്റര്‍ പരിശോധിച്ച് തുടങ്ങി; ജനുവരി അവസാനത്തോടെ എല്ലാ പ്രായവിഭാഗത്തിനും പ്രതിരോധം ലഭ്യമാക്കാമെന്ന പ്രതീക്ഷയുമായി ഹെല്‍ത്ത് സെക്രട്ടറി; രണ്ടാംഘട്ടം പരമോന്നതി കീഴടക്കി

ഇംഗ്ലണ്ടിലെ രണ്ടാംഘട്ട വ്യാപനം ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ തന്നെ പരമോന്നതിയില്‍ എത്തിയിരുന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സര്‍വ്വെ

ബ്രിട്ടീഷ് ഡ്രഗ് റെഗുലേറ്റര്‍ ഏതെങ്കിലും കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കിയാല്‍ അടുത്ത മാസം തന്നെ കൊറോണാവൈറസ് വാക്‌സിന്‍ രംഗത്തിറങ്ങുമെന്ന് മാറ്റ് ഹാന്‍കോക് സ്ഥിരീകരിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളായ ഫിസറും, ബയോഎന്‍ടെക്കും ചേര്‍ന്ന് തയ്യാറാക്കിയ വാക്‌സിന് ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കാന്‍ റെഗുലേറ്ററായ എംഎച്ച്ആര്‍എയോട് സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ക്ലിനിക്കല്‍ ട്രയല്‍സില്‍ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയതോടെ എല്ലാ പ്രായത്തിലും പെട്ടവര്‍ക്ക് കൊറോണാവൈറസില്‍ നിന്ന് സുരക്ഷ നല്‍കാന്‍ വാക്‌സിന് സാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. 

ഒരു ഡോസിന് 15 പൗണ്ട് വിലയുള്ള വാക്‌സിന്‍ എംഎച്ച്ആര്‍എ ആദ്യമായി അംഗീകരിക്കുമെന്നാണ് കരുതുന്നത്. മോഡേണയുടെയും, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെയും വാക്‌സിന്‍ തൊട്ടുപിന്നിലുണ്ട്. യുകെയില്‍ മഹാമാരി തുടങ്ങിയ ശേഷമുള്ള മരണങ്ങള്‍ 70,000 കടന്ന സമയത്താണ് വാക്‌സിന്റെ കാര്യം തീരുമാനമാകുന്നത്. ഡെത്ത് രജിസ്‌ട്രേഷനുകളും, സര്‍ക്കാര്‍ കൊറോണ ഡാറ്റയും പരിശോധിച്ചാണ് ഇത്തരമൊരു കണക്ക് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മരണസംഖ്യ ഇപ്പോള്‍ 54,286 മാത്രമാണ്.

ഇംഗ്ലണ്ടിലെ രണ്ടാംഘട്ട വ്യാപനം ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ തന്നെ പരമോന്നതിയില്‍ എത്തിയിരുന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സര്‍വ്വെ കണക്കാക്കുന്നത്. ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ഇന്‍ഫെക്ഷന്‍ നിരക്കില്‍ 18 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. വൈറസ് ബാധിച്ചവരില്‍ നിന്ന് രോഗം പകരുന്നവരുടെ എണ്ണം കണക്കാക്കുക ആര്‍ റേറ്റ് തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയിലും യുകെയിലെ എല്ലാ മേഖലയിലും താഴ്ന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തിന്റെ വേഗത കുറയുകയാണെങ്കിലും ജനങ്ങള്‍ നിയന്ത്രണം പാലിക്കണമെന്നാണ് മാറ്റ് ഹാന്‍കോകിന്റെ ഉപദേശം.

ക്രിസ്മസ് ഏത് വിധത്തിലാകുമെന്ന് ഇപ്പോഴും പറയാന്‍ കഴിയാത്ത ഘട്ടമാണെന്നും ഹാന്‍കോക് പറഞ്ഞു. അതേസമയം രണ്ടാം ലോക്ക്ഡൗണിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ എളുപ്പം സാധിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോന്നാഥന്‍ വാന്‍ ടാം ഓര്‍മ്മപ്പെടുത്തി. വൈറസ് പടരാന്‍ വെറും നിമിഷങ്ങള്‍ മാത്രം മതി. വാക്‌സിന് അംഗീകാരം ലഭിക്കാനുള്ള കാത്തിരിപ്പിലാണ് യുകെയെന്നും ജോന്നാഥന്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.