അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 24 കോടിയുടെ സമ്മാനത്തിന് ദുബായ് മലയാളിയായ ജോര്‍ജ് ജേക്കബ് അര്‍ഹനായത് രണ്ട് വര്‍ഷത്തെ ഭാഗ്യപരീക്ഷണത്തിനൊടുവില്‍. രണ്ട് വര്‍ഷമായി തനിച്ചും കൂട്ടുകാര്‍ക്കൊപ്പം ഷെയറിട്ടുമാണ് ജോര്‍ജ് ജേക്കബ് ലോട്ടറി ടിക്കറ്റ് എടുത്തിരുന്നത്. മുഴുവനായി നല്കാന് ഭാഗ്യം തീരുമാനിച്ചതുകൊണ്ടാകാം ഇത്തവണ ഒറ്റയ്ക്കെടുത്ത ടിക്കറ്റിനാണ് ജേക്കബ് ജോര്‍ജിന് സമ്മാനം ലഭിച്ചത്. സമ്മാനം കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ജോര്‍ജ് ജേക്കബ് പ്രതികരിച്ചു.
തുക എന്തുചെയ്യണമെന്ന് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കോടിപതിയായി എന്ന് കരുതി രാജ്യം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശിയായ ജോര്‍ജ് ജേക്കബ് 20 വര്‍ഷമായി എമിറേറ്റ്സിലുണ്ട്. ദുബായ് ഒമേഗ മെഡിക്കല്‍സില്‍ മാനേജരാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. ജോര്‍ജിനെ കൂടാതെ മൂന്ന് മലയാളികള്‍ക്ക് കൂടി സമ്മാനം ലഭിച്ചിട്ടുണ്ട്.
ഒന്ന് മുതല്‍ ആറ് വരെയുള്ള സമ്മാനങ്ങള്‍ നേടിയിരിക്കുന്നവരില്‍ എല്ലാവരും ഇന്ത്യാക്കാരാണ്. ഡ്രീം 12 മില്യണ്‍ 222 സീരീസ് നവംബറിലെ ജേതാക്കളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. '69402' എന്ന നമ്പര്‍ ടിക്കറ്റാണ് ജോര്‍ജ് ജേക്കബിനെ ഒറ്റ ദിവസം കൊണ്ട് ദശകോടീശ്വരനാക്കിയത്.