CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 4 Seconds Ago
Breaking Now

ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് ടാര്‍ട്ടാഗ്ലിയയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

ബിര്‍മിംഗ്ഹാം:  ഗ്ലാസ്‌ഗോ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് ടാര്‍ട്ടാഗ്ലിയയുടെ ആകസ്മിക വേര്‍പാടില്‍ അനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത. തന്റെ അനുശോചന സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സീറോ മലബാര്‍ സഭയുമായി ബിഷപ്പിനുണ്ടായിരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. 

അഭയാര്‍ത്ഥികളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അത്താണിയായിരുന്ന ബിഷപ്പിന്റെ വിയോഗം ബ്രിട്ടനിലെ പൊതുസമൂഹത്തിനു തന്നെ തീരാനഷ്ട്മാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ പൗരന്മാര്‍ നേരിടുന്ന വെല്ലുവിളികളെ നന്നായി മനസിലാക്കിയിരുന്ന അദ്ദേഹം അവരുടെ വിശ്വാസങ്ങള്‍ പരിഗണിക്കാതെ സാമൂഹ്യനീതിക്കുവേണ്ടി ധീരമായി പോരാടുകയും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നുകൊണ്ട് സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ തന്റെ സ്ഥാനം ഉപയോഗിക്കുകയും ചെയ്തു.  പിതാവിന്റെ ആകസ്മികവേര്‍പാടില്‍ വേദനിക്കുന്ന ഗ്ലാസ്‌ഗോ രൂപതയിലെ വിശ്വാസികളുടെ ദുഃഖത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പങ്കുചേരുന്നതായും ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നതായും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

2012 മുതല്‍ ഗ്ലാസ്‌ഗോ അതിരൂപതയില്‍ ആര്‍ച്ച് ബിഷപ്പായി  സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ് ടാര്‍ട്ടാഗ്ലിയയുടെ (70) മരണവാര്‍ത്ത  ബുധനാഴ്ച ഉച്ചകഴിഞ്ഞ് അതിരൂപതയുടെ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ക്രിസ്മസിന് തൊട്ടുപിന്നാലെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വസതിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്ന ബിഷപ്പിന്റെ ആകസ്മിക വിയോഗം അതീവദുഃഖത്തോടുകൂടിയാണ് അതിരൂപത പങ്കുവച്ചത്. 

ആര്‍ച്ച് ബിഷപ്പ് ടാര്‍ട്ടാഗ്ലിയ 1951 ജനുവരി 11 ന് ഗ്വിഡോയുടെയും അനിത ടാര്‍ട്ടാഗ്ലിയയുടെയും മൂത്ത മകനായി ഗ്ലാസ്‌ഗോയില്‍ ജനിച്ചു  റിഡ്രിയിലെ സെന്റ് തോമസ് പ്രൈമറിയിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം    സെന്റ് മുംഗോ അക്കാദമിയില്‍ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം പോര്‍ത്തിയാക്കി. അതിനുശേഷം ലാങ്ബാങ്കിലെ സെന്റ് വിന്‍സെന്റ് കോളേജിലെ ദേശീയ ജൂനിയര്‍ സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് അബെര്‍ഡീനിലെ ബ്ലെയേഴ്‌സിലെ സെന്റ് മേരീസ് കോളേജിലും പൊന്തിഫിക്കല്‍ സ്‌കോട്ട്‌സ് കോളേജിലും റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയിലും സഭാപഠനം പൂര്‍ത്തിയാക്കി. 1975 ജൂണ്‍ 30 ന് ഡെന്നിസ്റ്റൗണിലെ ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സലില്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന തോമസ് വിന്നിംഗില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 2005 നവംബര്‍ 20 ന് പെയ്‌സ്‌ലിയിലെ സെന്റ് മിറിന്‍സ് കത്തീഡ്രലില്‍ വച്ച് ബിഷപ്പായി. ആര്‍ച്ച് ബിഷപ്പ് മരിയോ കോണ്ടിയുടെ പിന്‍ഗാമിയായി 2012 ജൂലൈ 24 ന് ബിഷപ്പ് ടാര്‍ട്ടാഗ്ലിയയെ ഗ്ലാസ്‌ഗോ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. 

2006 ല്‍ നിര്‍മിച്ച കുടുംബവുമായി ബന്ധപ്പെട്ട യുകെ നിയമത്തെ വിമര്‍ശിച്ചതിന്   ബിഷപ്പ് ടാര്‍ട്ടാഗ്ലിയ വിവാദത്തിലായി. വിവാഹമോചനം വേഗത്തിലും എളുപ്പത്തിലും ആക്കിയ ഫാമിലി ലോ ആക്റ്റ് , സ്വവര്‍ഗ ബന്ധങ്ങള്‍ക്ക് നിയമപരമായ പദവി നല്‍കുന്ന സിവില്‍ പാര്‍ട്ണര്‍ഷിപ്പ് നിയമവും ലിംഗപരമായ അംഗീകാര നിയമവും ലിംഗഭേദം അനുവദിച്ചുകൊണ്ടുള്ള നിയമവും അദ്ദേഹം ചോദ്യം ചെയ്തു. ഈ നിയമങ്ങള്‍  കുടുംബങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും  നമ്മുടെ മനസ്സ് ഇരുണ്ടതായി തീരാന്‍ ഇടയാക്കുമെന്നും ദൈവം തന്റെ സൃഷ്ടിയില്‍ എഴുതിയ പ്രകൃതി നിയമത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2010 ല്‍ ഡേവിഡ് കാമറൂണിന് കത്തെഴുതിക്കൊണ്ട് അദ്ദേഹം ഇത് ആവര്‍ത്തിച്ചു: 'കത്തോലിക്കാ സഭ സിവില്‍ പാര്‍ട്ണര്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്യുകയോ സ്വവര്‍ഗ വിവാഹം പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല: ഇപ്പോള്‍ എന്നല്ല, ഭാവിയിലുമില്ല, ഒരിക്കലുമില്ല'. ആണവായുധശേഷി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെയും  വര്‍ഗവിരുദ്ധ നിയമനിര്‍മ്മാണത്തെയും വെല്ലുവിളിച്ച അദ്ദേഹം ബ്രിട്ടനിലെ കത്തോലിക്കാസഭയുടെ വേറിട്ട ശബ്ദമായിരുന്നു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയെ തളരാതെ നയിച്ച ബിഷപ്പ് ഫിലിപ്പ് ടാര്‍ട്ടാഗ്ലിയ സാമൂഹികസമത്വത്തിന്റെ  കാവലാളായാണ് അറിയപ്പെടുന്നത്,.

 

 

 

ഫാ. ടോമി എടാട്ട്

 

പിആര്‍ഒ, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത

 




കൂടുതല്‍വാര്‍ത്തകള്‍.