യുകെ മലയാളികള്‍ക്ക് പ്രിയങ്കരനും ഈസ്റ്റ്ഹാം ബോളിയന്‍ തിയറ്റര്‍ ഉടമയുമായിരുന്ന മോഹന്‍കുമാര്‍ അന്തരിച്ചു. കോവിഡ് മൂലമാണ് മരണം സംഭവിച്ചത്. മലയാള സിനിമകള്‍ യുകെ മലയാളികള്‍ക്ക് കാണാന്‍ അവസരം ലഭിച്ചത് മോഹന്റെ ബോളിയന്‍ തിയറ്ററിലൂടെയായിരുന്നു. സിനിമക്കാര്‍ ഉള്‍പ്പെടെ യുകെയിലെത്തിയാല്‍ മലയാളി കൂട്ടായ്മയ്ക്ക് വേദിയായിരുന്നതും ഈ തിയറ്റര്‍ തന്നെ.സിനിമാ ആവശ്യവുമായി ആരെത്തിയാലും കൂടെ കൂടുന്ന ഈസ്റ്റ്ഹാം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ വ്യക്തിയാണ് മരണത്തിന് കീഴടങ്ങിയത്.
ലണ്ടന്‍ പ്രദേശത്തെ മലയാളികള്‍ അണ്ണന് എന്നു ബഹുമാനത്തോടെ വിളിച്ചിരുന്ന മോഹനന് അണ്ണന് ഇനി ഓര്‍മ്മയാകുകയാണ്. നിരവധി പേരാണ് ഈ വിയോഗത്തില്‍ വേദന പങ്കുവച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടത്.
കോവിഡ് പിടിപെടും വരെ ആരോഗ്യത്തോടെ കഴിഞ്ഞ വ്യക്തിയായിരുന്നു. ഈ അടുത്ത കാലത്താണ് തിയറ്റര്‍ ബിസിനസ് അവസാനിപ്പിച്ചത്. നാലു പതിറ്റാണ്ട് മുമ്പ് പ്രവാസ ജീവിതം ആരംഭിച്ച വ്യക്തിയാണിദ്ദേഹം.
രണ്ടാഴ്ച മുമ്പാണ് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നറിയിച്ച് ആശുപത്രി മടക്കി അയക്കുകയായിരുന്നു.കോവിഡ് പോസിറ്റീവ് റിസള്ട്ടായിട്ടാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെങ്കിലും ഗുരുതര ലക്ഷണമില്ലാത്ത സാഹചര്യം കൊണ്ടാണ് വീട്ടിലേക്ക് മടക്കിയത്. എന്നാല്‍ രോഗ നില വഷളായതോടെ ആംബുലന്‍സ് സേവനം തേടി കോവിഡ് ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നെ വൈകീട്ടോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യുകെ മലയാളികളെ ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപനം ശക്തമാകുകയാണ്.ഈ മാസം മാത്രം നാലു പേരാണ് യുകെ മലയാളികള്‍ക്കിടയില്‍ നിന്ന് കോവിഡ് തട്ടിയെടുത്തത്.
പരേതന്റെ വിയോഗത്തില്‍ സമീക്ഷയുകെ ദുഖം രേഖപ്പെടുത്തി. വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു