Breaking Now

സ്വന്തം കാര്യം മാത്രം നോക്കരുത്, മറ്റുള്ളവരെ കുറിച്ച് കൂടി ചിന്തിക്കണം! വാക്‌സിന്‍ സ്വീകരിച്ചെന്ന് സ്ഥിരീകരിച്ച് രാജ്ഞി; ഈ പ്രായത്തിലും യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല; വാക്‌സിനേഷനോട് മുഖം തിരിക്കുന്നവര്‍ സ്വാര്‍ത്ഥരാണെന്നും കുറ്റപ്പെടുത്തല്‍!

വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞാലും 15 ശതമാനം ജനസംഖ്യ ഇതിന് തയ്യാറാകില്ലെന്നാണ് കണക്കുകൂട്ടല്‍

കൊറോണാവൈറസ് വാക്സിനേഷന്‍ പദ്ധതിയില്‍ അസാധാരണ ഇടപെടലുമായി രാജ്ഞി. വാക്സിന്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുന്നവര്‍ സ്വാര്‍ത്ഥരാണെന്നാണ് രാജ്ഞിയുടെ കുറ്റപ്പെടുത്തല്‍. വാക്‌സിന്‍ സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ മറ്റുള്ളവരെ കുറിച്ച് കൂടി ആലോചിക്കണമെന്നും എന്‍എച്ച്എസ് വാക്സിനേഷന്‍ പദ്ധതിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോളിനിടെ അവര്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ മാസം തനിക്ക് വാക്‌സിനേഷന്‍ ലഭിച്ചതായി രാജ്ഞി സ്ഥിരീകരിച്ചു. വാക്സിനേഷന്‍ ഒട്ടും ബുദ്ധിമുട്ട് സൃഷ്ടിച്ചില്ലെന്നും 94-കാരിയായ രാജ്ഞി വ്യക്തമാക്കി. വാക്‌സിനേഷന്‍ ലഭിച്ചതോടെ തനിക്ക് സുരക്ഷ ലഭിച്ചെന്ന ചിന്തയാണുള്ളത്. പ്ലേഗുമായി കൊവിഡിനെ താരതമ്യം ചെയ്ത രാജ്ഞി അതിവേഗത്തില്‍ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കിയത് നിരവധി ജനങ്ങള്‍ക്ക് സഹായകരമായെന്നും ചൂണ്ടിക്കാണിച്ചു. 

വിവാദമായ വിഷയങ്ങളില്‍ പൊതുവായ നിലപാട് സ്വീകരിച്ച് രംഗത്ത് വരുന്ന് രാജ്ഞിയെ സംബന്ധിച്ച് അപൂര്‍വ്വമായ കാര്യമാണ്. രാജ്ഞി നേരിട്ട് ഇടപെട്ടതോടെ വാക്‌സിനേഷന്‍ പദ്ധതിക്ക് പുതിയ ഊര്‍ജ്ജം ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയില്‍ വിശ്വാസം അര്‍പ്പിക്കുന്നത് ഏറ്റവും സുപ്രധാനമാണെന്ന് എന്‍എച്ച്എസ് വാക്‌സിന്‍ ചീഫ് പ്രതികരിച്ചു. ഇപ്പോള്‍ 18 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ബ്രിട്ടനില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുള്ളത്, ഏകദേശം മൂന്നില്‍ ഒരു മുതിര്‍ന്ന വ്യക്തിക്കാണ് വാക്‌സിന്‍ ലഭിച്ചത്. 

പക്ഷെ ഈ ഘട്ടത്തിലും വാക്‌സിനോട് മുഖം തിരിക്കുന്ന നിരവധി പേരുണ്ടെന്നത് പദ്ധതിയെ ബാധിക്കുമെന്നാണ് ആശങ്ക. പ്രത്യേകിച്ച് ഇത് അടിസ്ഥാനമാക്കിയാണ് ലോക്ക്ഡൗണ്‍ വിലക്കുകളില്‍ ഇളവ് നല്‍കുകയെന്നതാണ് പ്രധാന പ്രശ്‌നം. വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞാലും 15 ശതമാനം ജനസംഖ്യ ഇതിന് തയ്യാറാകില്ലെന്നാണ് കണക്കുകൂട്ടല്‍. യുവാക്കളും, വംശീയ ന്യൂനപക്ഷ വിഭാഗങ്ങളുമാണ് ഇതില്‍ പ്രധാനം. കമ്മ്യൂണിറ്റി നേതാക്കളും, ചര്‍ച്ച് ഗ്രൂപ്പുകളുമായി ചേര്‍ന്ന് സെമിനാറുകളും, ചോദ്യോത്തര സെഷനും സംഘടിപ്പിച്ച് ഈ ഭയം നീക്കാനുള്ള ശ്രമത്തിലാണ് എന്‍എച്ച്എസ്. 




കൂടുതല്‍വാര്‍ത്തകള്‍.