രാജകുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ അവസാനവാക്കാണ് ഒപ്രാ വിന്‍ഫ്രേയ്ക്ക് നല്‍കിയ അഭിമുഖമെന്ന് വ്യക്തമാക്കി സസെക്‌സ് ഡ്യൂക്കും, ഡച്ചസും. ഈ വര്‍ഷം സമ്മറില്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ദമ്പതികള്‍. തങ്ങളുടെ ഭാഗം വിവരിക്കേണ്ടത് ആവശ്യമായി തോന്നിയത് കൊണ്ടാണ് അഭിമുഖത്തിന് തയ്യാറായത്. ഇപ്പോള്‍ പ്രശ്‌നം തീര്‍ന്ന സ്ഥിതിക്ക് ഇനി മുന്നോട്ട് നീങ്ങാനാണ് താല്‍പര്യം, ദമ്പതികള്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജൂലൈയില്‍ അമ്മ ഡയാന രാജകുമാരിയുടെ ശില്‍പ്പം കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ അനാച്ഛാദനം ചെയ്യാന്‍ ഹാരി രാജകുമാരനും, വില്ല്യം രാജകുമാരനും ഒന്നിക്കും. ജൂലൈ 1ന് ഡയാനയുടെ 60-ാം ജന്മദിനത്തിലാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ സസെക്‌സ് ഡ്യൂക്കും, കേംബ്രിഡ്ജ് ഡ്യൂക്കും ഒരുമിച്ചെത്തുന്നത്. ഹാരിയും, ഭാര്യ മെഗാനും രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ അനുഭവങ്ങള്‍ തുറന്നടിച്ച ശേഷമാണ് രാജകുടുംബവുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള അവസരം വരുന്നത്.
ഈ അഭിമുഖം തിങ്കളാഴ്ച രാത്രി 9 മണിക്ക് ഐടിവി സംപ്രേക്ഷണം ചെയ്യും. 'ഇത് ആവശ്യമായി തോന്നിയത് കൊണ്ട് ചെയ്തതാണ്. ഇത് പൂര്‍ത്തിയായതോടെ ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇനി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്', അഭിമുഖത്തെ കുറിച്ച് ഇവരുടെ അടുത്ത ശ്രോതസ്സ് ടെലിഗ്രാഫിനോട് പറഞ്ഞു.
ഡയാന രാജകുമാരിയുടെ ശില്‍പ്പം അനാച്ഛാദനം ചെയ്യുന്ന ചടങ്ങ് സുപ്രധാനമായാണ് ഹാരി കരുതുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ഇതിന് ശേഷമുള്ള ചില പരിപാടികളില്‍ ഹാരിയുടെ പങ്കാളിത്തം സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നു.