CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 13 Seconds Ago
Breaking Now

നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം ; കൊലപാതക ദൃശ്യമെന്ന് സംശയിക്കുന്ന വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചെടുത്തു

10 ദിവസത്തിനകം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ അസീസിന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. കൊലപാതക ദൃശ്യമെന്ന് സംശയിക്കുന്ന വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അസീസിനെ ആക്രമിക്കുന്ന ദിവസം വീട്ടിലുണ്ടായിരുന്ന പിതാവടക്കമുള്ളവരെ റൂറല്‍ എസ്.പി നേരിട്ട് ചോദ്യം ചെയ്തു. 10 ദിവസത്തിനകം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അബ്ദുല്‍ അസീസ് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണത്തില്‍ നിര്‍ണായക ഘട്ടത്തിലെത്തിയെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്. അബ്ദുല്‍ അസീസിന്റെ പിതാവിനേയും സഹോദരങ്ങളെയും ചോദ്യം ചെയ്തു. മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച സഹോദരിയുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴികൂടി എടുത്തതിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന നിഗമനത്തില്‍ എത്താന്‍ കഴിയുവെന്ന് എസ്.പി പറഞ്ഞു.

കോഴിക്കോട് നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം നടന്ന് ഒരു വര്‍ഷമാകാറായപ്പോഴാണ് സഹോദരന്‍ സഫ്‌വാന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ തുടരന്വേഷണം നടത്തുന്നത്. ഏകദേശം മൃതപ്രായനായി സഫ്‌വാന്റെ മടിയില്‍ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഫാനില്‍ ഒരു ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാന്‍ കാലമായിരുന്നു അത്. പകല്‍ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതില്‍ അന്നേ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. വീട്ടില്‍ ആ സമയത്ത് വേറെയും ആളുകള്‍ ഉണ്ടായിരുന്നു. താഴത്തെ മുറിയിലുണ്ടായിരുന്നു ടൈലറിംഗ് മെഷീന്‍ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളില്‍ കയറിയാണ് കുട്ടി ഫാനില്‍ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണമൊന്നും നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.