CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 2 Seconds Ago
Breaking Now

വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 17 ശനിയാഴ്ച; ഇത്തവണയും തിരുന്നാള്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി

വാല്‍സിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ  വാല്‍സിംഗ്ഹാമിലേക്ക്  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവര്‍ഹില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  അഞ്ചാമത്  വാല്‍സിംഗ്ഹാം മരിയന്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വര്‍ഷവും തീര്‍ത്ഥാടനം നടത്തുക. പരമാവധി 300 പേര്‍ക്കാണ് ഇത്തവണത്തെ  വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തില്‍   പ്രവേശനം ലഭിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക്  മാത്രമേ തിരുനാളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 .30  ന്  ജപമാലയോടുകൂടി  തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. 2 മണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.  വിശുദ്ധ കുര്‍ബാനക്ക് ശേഷം  തിരുന്നാള്‍ പ്രദക്ഷിണവും 4 .30  ന്   ദിവ്യകാരുണ്യ ആരാധനയും നടക്കും.

കോവിഡ് മുക്ത നാളുകള്‍ക്കായി കാത്തിരിക്കുന്ന ലോകത്തിന്  പ്രതീക്ഷയും ആശ്വാസവുമേകുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചു കൊണ്ട് തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. തിരുനാളില്‍ നേരിട്ട് സംബന്ധിക്കുവാന്‍ ഏവര്‍ക്കും സാധ്യമല്ലാത്ത സാഹചര്യത്തില്‍ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും  ഫേസ്ബുക് പേജിലൂടെയും തിരുനാള്‍ തിരുക്കര്‍മങ്ങള്‍ തത്സമയം വീക്ഷിക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും പിതാവ് അറിയിച്ചു.

 

ഫാ. ടോമി എടാട്ട്

പിആര്‍ഒ. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത.

 




കൂടുതല്‍വാര്‍ത്തകള്‍.