CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 39 Seconds Ago
Breaking Now

യുക്മ മലയാള മനോരമ ഓണവസന്തം സെപ്റ്റംബര്‍ 26 ന് ; വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ പ്രശസ്തരായ കലാപ്രതിഭകളും....

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി  'ഓണവസന്തം 2021' സെപ്റ്റംബര്‍ 26 ഞായറാഴ്ച ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു.

മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയില്‍, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.

1999 ല്‍ ദേവദാസി എന്ന ചിത്രത്തിലെ 'പൊന്‍ വസന്തം', നിറം സിനിമയിലെ 'ശുക്രിയ' എന്നീ ഗാനങ്ങള്‍ പാടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വിധു പ്രതാപ്,  2000 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായകനാണ്. മലയാളം, തമിഴ് ഭാഷകളിലായി നൂറ്റി അന്‍പതിലേറെ ചിത്രങ്ങളില്‍ പാടിയ വിധു പ്രതാപ് നൂറിലേറെ സംഗീത ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളില്‍ പ്രേക്ഷകരെ ആനന്ദ നൃത്തം ചെയ്യിച്ച വിധു പ്രതാപ്, ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലും പ്രേക്ഷകരുടെ ഇഷ്ട പാത്രമാണ്.

 

ഗായിക, സംഗീത സംവിധായിക, ഡാന്‍സര്‍ എന്നീ നിലകളില്‍ മലയാളി മനസ്സുകളില്‍ ഇടം പിടിച്ച സിത്താര കൃഷ്ണകുമാര്‍ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രിയ താരമാണ്. 2012, 2017 വര്‍ഷങ്ങളിലെ നല്ല ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള സിത്താര വിവിധ ഭാഷകളിലായി മുന്നൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നര്‍ത്തകിയായി കലാ ജീവിതം തുടങ്ങിയ സിത്താര പിന്നീട് സംഗീതത്തിലെ തന്റെ കഴിവുകള്‍ തിരിച്ചറിയുകയും സംഗീത പഠനം ആരംഭിക്കുകയുമായിരുന്നു. രണ്ട് സിനിമകള്‍ക്കും രണ്ട് ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ച സിത്താര നൂറ് കണക്കിന് ആല്‍ബങ്ങള്‍ക്ക് വേണ്ടി മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

എട്ട് വയസ്സ് മുതല്‍ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ മലയാളി മനസ്സുകളില്‍ ഇടം പിടിച്ച ശ്രേയ ജയദീപ് സംഗീത ലോകത്ത് ഉദിച്ചുയരുന്ന പൊന്‍ താരകമാണ്. തന്റെ എട്ടാമത്തെ വയസ്സില്‍ സിനിമയ്ക്ക് പാടി തുടങ്ങിയ ശ്രേയ 'അമര്‍ അക്ബര്‍ ആന്റണി' എന്ന ചിത്രത്തിലെ 'എന്നോ ഞാനെന്റെ', മോഹന്‍ലാല്‍ നായകനായ 'ഒപ്പം' സിനിമയിലെ 'മിനുങ്ങും മിന്നാമിനുങ്ങേ', 'ഗോഡ്' എന്ന ആല്‍ബത്തിലെ 'മേലേ മാനത്തെ ഈശോയെ' എന്നീ ഗാനങ്ങളിലൂടെ പ്രശസ്തയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ശ്രേയ ഒട്ടേറെ ആല്‍ബങ്ങള്‍ക്ക് വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

സംഘാടന മികവിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ യു കെ മലയാളികള്‍ക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തന പന്ഥാവില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേര്‍ന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവര്‍ത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്‌ഡൌണ്‍ സമയത്ത് പോലും നിരവധി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ: എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്ററായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷ്വറന്‍സ് മോര്‍ട്ട്‌ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ട്ടിസ് കണ്‍സല്‍റ്റന്‍സി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

അംഗ അസ്സോസ്സിയേഷനുകളില്‍ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 19 വരെ സംഘടിപ്പിച്ചിരുന്നതിലാണ്  യുക്മ  മലയാള മനോരമ 'ഓണവസന്തം 2021' സെപ്റ്റംബര്‍ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.

യുക്മ  മലയാള മനോരമ 'ഓണവസന്തം 2021' പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

കുര്യന്‍ ജോര്‍ജ്ജ്  07877348602

മനോജ് കുമാര്‍ പിള്ള  07960357679

അലക്‌സ് വര്‍ഗ്ഗീസ്  07985641921.

അലക്‌സ് വര്‍ഗ്ഗീസ്

(യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.