CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 12 Seconds Ago
Breaking Now

വല്ലപ്പോഴും കിട്ടുന്ന അവസരങ്ങള്‍ കൊണ്ടാണ് ജീവിച്ചു പോകുന്നത്, അവന്‍ ഉണ്ടായിരുന്നെങ്കിലോ; ജിഷ്ണുവിന്റെ പിതാവ് രാഘവനെ കുറിച്ച് ജോളി ജോസഫ്

നടന്‍ ജിഷ്ണുവിന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് ഉണ്ടായ വലിയ നഷ്ടമാണ്. ജിഷ്ണു കാന്‍സര്‍ ബധിതനായി ഏറെ കാലത്തെ ചികിത്സകള്‍ക്ക് ശേഷാണ് അന്തരിച്ചത്. ജിഷ്ണുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ പിതാവ് രാഘവനും മലയാള സിനിമാടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.

ജിഷ്ണുവിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ജോളി ജോസഫ് രാഘവന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ പറയുന്നതിങ്ങനെ

എന്റെ ജിഷ്ണുവിന്റെ അച്ഛന്‍ രാഘവേട്ടനും, വലിയൊരു നാടക കലാകാരിയും.! രാഘവേട്ടന്‍ 1941 ല്‍ കണ്ണൂരിലെ തളിപ്പറമ്പിലാണ് ജനിച്ചത്. ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗ്രാമീണ വിദ്യാഭ്യാസത്തില്‍ ബിരുദം നേടി, ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം അദ്ദേഹം ടാഗോര്‍ നാടക സംഘത്തില്‍ ജോലി ചെയ്തു. 1968 ലെ 'കായല്‍ക്കര' യാണ് ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ ഏകദേശം 150 ഓളം സിനിമകള്‍ അഭിനയിച്ചു.

കിളിപ്പാട്ട് (1987) എവിഡന്‍സ് (1988) എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. കഴിഞ്ഞ 20 വര്‍ഷമായി തമിഴ് /മലയാളം ടി വി സീരിയലികളിലുമുണ്ട്. പക്ഷെ ഇപ്പോള്‍ വളരെ കുറവാണ്. ഞങ്ങളുടെ ജിഷ്ണു അന്തരിച്ചിട്ട് അഞ്ചു കൊല്ലം കഴിഞ്ഞു. അവന്റെ കൂട്ടായിരുന്ന ഞാനും മധു വാര്യരും നിഷാന്ത് സാഗറും, അരവിന്ദറും ഒക്കെ രാഘവേട്ടനെയും ശോഭചേച്ചിയെയും സ്വന്തം മാതാപിതാക്കളെപോലെ തന്നെയാണ് കണ്ടിരുന്നതും ബഹുമാനിച്ചിരുന്നതും. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇന്നുള്‍പ്പടെ ഇടക്കിടക്ക് രാഘവേട്ടനുമായി വിശേഷങ്ങള്‍ പറയാറുമുണ്ട്. വല്ലപ്പോഴും കാണാറുമുണ്ട്.

80 വയസ്സായ, ആരോടും പരിഭവമില്ലാത്ത രാഘവേട്ടന്‍ വല്ലപ്പോഴും കിട്ടുന്ന അഭിനയാവസരങ്ങള്‍ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്. അവന്‍ ഉണ്ടായിരുന്നെങ്കിലോ? കോഴിക്കോടുള്ള, നാടകം ജീവിതമാക്കിയ വലിയൊരു കലാകാരി അവരുടെ അനന്തരവനുമായി കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയില്‍ പലരെയും കണ്ടു സീരിയലിലോ സിനിമയിലോ, ജീവിക്കാന്‍ വേണ്ടിയുള്ള ഒരവസരത്തിന് ഓടിപ്പാഞ്ഞു നടക്കുന്നത് കണ്ടു. ഇന്നുച്ചക്ക്, ഒരുകാലത്ത് നാടകങ്ങള്‍ കൊണ്ട് അരി വാങ്ങിച്ചിരുന്ന എന്റെ ഓഫീസിലുമെത്തി. ഞാനാദ്യമായിട്ടാണ് അവരെ കാണുന്നത്. അവരുടെ കൂടെ ഭക്ഷണം കഴിച്ച് എണീറ്റപ്പോള്‍ അവര്‍ കണ്ണ് നനഞ്ഞു വിതുമ്പി മെല്ലെ പറഞ്ഞു, 'ഇതെന്റെ അവസാനത്തെ അലച്ചിലാണ്, ഇപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍, ഇനി ഞാനീ പണിക്കില്ല…

'ഞാനാ പാവത്തെ സാന്ത്വനപ്പെടുത്തിയെങ്കിലും, മനസ്സിന് ഒരു സുഖവുമില്ലായിരുന്നു. എന്നതാണ് സത്യം. എന്റെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ പ്രവര്‍ത്തകരായ സ്‌നേഹിതരെ, പ്രായമുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍, ജീവിക്കാന്‍ വേണ്ടി അലയുന്ന പഴയ കലാകാരന്മാരായ കുറേ ആത്മാക്കളെ കൂടി ഓര്‍ക്കണേ, പരിഗണിക്കണേ…! നാളെ ഈ ഗതി നമുക്കും വരാതിരിക്കാന്‍ ഇതേ ഒരുമാര്‍ഗം എന്നു കൂടി വളരെ സ്‌നേഹത്തോടെ ഓര്‍മപ്പെടുത്തുന്നു! 'ഇന്ന് ഞാന്‍ നാളെ നീ' മഹാകവി സാക്ഷാല്‍ ജി ശങ്കരക്കുറുപ്പ് പറഞ്ഞതാണ്.. സസ്‌നേഹം നിങ്ങളുടെ ജോളി ജോസഫ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.