CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 3 Seconds Ago
Breaking Now

പൂവിളികളും പൂപ്പൊലികളുമായി യുക്മ മനോരമ 'ഓണവസന്തം 2021' ഇന്ന് രണ്ടുമണിക്ക് ലൈവായി മനോരമ യുട്യൂബ് ചാനലിലും യുക്മ ഫേസ്ബുക്ക് പേജിലും ; ആഘോഷിക്കൂ യുക്മയോടൊപ്പം.....

യുക്മയും മലയാള മനോരമയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഓണവസന്തം 2021' ന് ഇന്ന് 2 P M ന് തിരശ്ശീല ഉയരുന്നു.  സ്‌നേഹവും സന്തോഷവും നന്മയും സമാധാനവും നിറഞ്ഞു നിന്ന ഒരു ഗതകാലത്തിന്റെ ഓര്‍മ്മ പുതുക്കുന്ന  ഓണാഘോഷ പരിപാടി  'ഓണവസന്തം 2021' ഇന്ന് ഉച്ച കഴിഞ്ഞ് 2 PM ന് (ഇന്ത്യന്‍ സമയം 6.30 PM)  ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉത്ഘാടനം ചെയ്യുന്നു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കും.  യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോര്‍ഡിനേറ്ററുമായ അഡ്വ: എബി സെബാസ്റ്റ്യന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും. 

മനോരമ യുട്യൂബ് ചാനലിലൂടെയും യുക്മ ഫേസ്ബുക്ക് പേജിലൂടെയും 'ഓണവസന്തം 2021' ഇന്ന് 2 PM (ഇന്ത്യ 6.30 PM) മുതല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്.

മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയില്‍ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയില്‍, ഒരു പിടി നല്ല ഗാനങ്ങളുമായി മലയാള ചലച്ചിത്ര സംഗീത പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍, മലയാളികളുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടി (ശ്രേയ ജയദീപ്) എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.

 

മഞ്ജു സുനില്‍  നേത്ര വിവേക് ടീം അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സ്, ഗ്‌ളോസ്റ്റര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷന്റെ മെഗാ തിരുവാതിര, EYCO ഹള്‍ അവതരിപ്പിക്കുന്ന നൃത്തരൂപം ഫ്യൂഷന്‍ ഫിയസ്റ്റ, റിഥം ഓഫ് വാറിംഗ്ടണ്‍ ഒരുക്കുന്ന ചെണ്ടമേളം, യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഓര്‍ക്കസ്ട്ര, ആനി അലോഷ്യസ്  ടോണി അലോഷ്യസ് ടീമിന്റെ ബോളിവുഡ് ഡാന്‍സ് 

എന്നിവയോടൊപ്പം അലീന സെബാസ്റ്റ്യന്‍, ആനി അലോഷ്യസ്, ഡെന്ന ആന്‍ ജോമോന്‍, ദൃഷ്ടി പ്രവീണ്‍  ശ്രദ്ധ വിവേക് ഉണ്ണിത്താന്‍, ലക്ഷമി രാജേഷ്, നെല്‍സണ്‍ ബൈജു, സൈറ മരിയ ജിജോ, ടെസ്സ സൂസന്‍ ജോണ്‍ എന്നീ ഗായകരും  ഓണവസന്തം 2021 ന് മാറ്റ് കൂട്ടുവാനെത്തുകയാണ്.

 

സംഘാടന മികവിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ യു കെ മലയാളികള്‍ക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തന പന്ഥാവില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേര്‍ന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവര്‍ത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാര്‍ പിള്ള (പ്രസിഡന്റ്), അലക്‌സ് വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി), അനീഷ് ജോണ്‍ (ട്രഷറര്‍), അഡ്വ: എബി സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്), ലിറ്റി ജിജോ (വൈസ് പ്രസിഡന്റ്), സാജന്‍ സത്യന്‍(ജോയിന്റ് സെക്രട്ടറി), സലീന സജീവ് (ജോയിന്റ് സെക്രട്ടറി), ടിറ്റോ തോമസ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയും, റീജിയണല്‍ സമിതികളും കോവിഡ് ലോക്ഡൗണ്‍ സമയത്ത് പോലും നിരവധി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്ററും,  യുക്മ സാംസ്‌കാരികവേദി കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, യു കെ ഇവന്റ്  ഓര്‍ഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന 'ഓണവസന്തം 2021' ന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, 

യു കെ യിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷ്വറന്‍സ് മോര്‍ട്ട്‌ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ട്ടിസ് കണ്‍സല്‍റ്റന്‍സി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

യുക്മയുടേയും മലയാള മനോരമയുടേയും നേതൃത്വത്തില്‍ ഒരു കൂട്ടം മികച്ച കലാകാരന്‍മാര്‍  അണിയിച്ചൊരുക്കുന്ന യുക്മയുടെ ഓണാലോഷം 'ഓണവസന്തം 2021'ന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സഹകരണം ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. 

'യുക്മ  മലയാള മനോരമ ഓണവസന്തം 2021' പരിപാടി 2 PM ന്  (ഇന്ത്യ 6.30 PM) നടക്കുമ്പോള്‍ കാണികളായി എത്തി ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് യുക്മയോടൊപ്പം ആഘോഷിച്ച്  പരിസമാപ്തി കുറിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി  യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു.

 

Sajish Tom

കുര്യന്‍ ജോര്‍ജ്ജ്

(ഓണവസന്തം യു കെ ഇവന്റ് ഓര്‍ഗനൈസര്‍)




കൂടുതല്‍വാര്‍ത്തകള്‍.