ബ്രിട്ടനില്‍ ജിപിമാരെ കണ്ടുകിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. മഹാമാരി രൂക്ഷമാകുക കൂടി ചെയ്തതോടെ ഈ അവസ്ഥ കൂടുതല്‍ ദുരിതത്തിലായി. എന്നാല്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്ന രോഗികളുടെ പട്ടിക ചുരുക്കാന്‍ ജിപിമാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് മാര്‍ഗ്ഗമെന്ന് തിരിച്ചറിഞ്ഞ ഹെല്‍ത്ത് സെക്രട്ടറി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ രോഗികള്‍ക്കും ജിപിമാരിലേക്ക് എത്തിപ്പെടാനുള്ള വഴിയൊരുക്കുന്ന വിപ്ലവമാണ് ജാവിദ് കുറിയ്ക്കുന്നത്.
രോഗികള്‍ക്ക് മികച്ച സേവനങ്ങള്‍ നല്കാന് ഫാമിലി ഡോക്ടര്‍മാര്‍ക്ക് 250 മില്ല്യണ്‍ പൗണ്ട് അധികമായി നല്‍കുമെന്നാണ് വാഗ്ദാനം. എന്നാല്‍ സേവനങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടാല്‍ പേരെടുത്ത് പറഞ്ഞ് നാണംകെടുത്താന്‍ പുതിയ ലീഗ് ടേബിളിനും തുടക്കം കുറിച്ചിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം രോഗികള്‍ക്ക് ഡോക്ടറുമായി മുഖാമുഖം കണ്ട് രോഗവിവരം ധരിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ അവകാശം ലഭിക്കും.
കൃത്യമായ ക്ലിനിക്കല്‍ കാരണങ്ങള്‍ മുന്‍നിര്‍ത്തി മാത്രം ജിപിമാര്‍ക്ക് ഈ കണ്സള്ട്ടേഷന് അഭ്യര്‍ത്ഥന തടയാം. എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്ലാന്‍ ഫോര്‍ ജിപി'സ് & പേഷ്യന്റ്സ് വഴി 250 മില്ല്യണ്‍ പൗണ്ട് അധികം ലഭിക്കും. ഇതുപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ എടുത്ത്, രോഗികള്‍ ആവശ്യപ്പെടുന്ന ദിവസം അപ്പോയിന്റ്മെന്റ് നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയണം. തുറന്ന് പ്രവര്‍ത്തിക്കുന്ന സമയം ഉള്‍പ്പെടെ ദീര്‍ഘിപ്പിക്കുന്നതും ഇതില്‍ ചേരും.
എന്നാല്‍ ടെലിഫോണ്‍, ഓണ്‍ലൈന്‍ കണ്സേള്ട്ടേഷനുകളെ അധികമായി ആശ്രയിക്കുന്നവര്‍ക്ക് അധിക ധനസഹായം ലഭിക്കില്ല. ജിപി പ്രാക്ടീസുകളുടെ സേവനത്തെ കുറിച്ച് വിവരം നല്കാന് ഡാറ്റ പ്രസിദ്ധീകരിക്കും. ലോക്കല്‍, നാഷണല്‍ ലീഗ് ടേബിളുകള്‍ രൂപീകരിക്കുന്നതിനാല്‍ മോശം സേവനം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവരും.
രോഗികള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ കഴിയാതെ പോകുന്ന ജിപി പ്രാക്ടീസുകളില്‍ എന്‍എച്ച്എസ് സംഘങ്ങള്‍ നേരിട്ട് ഇടപെടും. ജിപിമാര്‍ക്ക് രോഗികളെ കൂടുതല്‍ സമയം കാണാന്‍ ചുവപ്പുനാട പ്രശ്നം ഒഴിവാക്കുന്നതിനൊപ്പം, അപ്പോയിന്റ്മെന്റ് ബുക്കിംഗിനുള്ള ടെലിഫോം സിസ്റ്റവും അപ്ഗ്രേഡ് ചെയ്യും. അതേസമയം സമ്മര്‍ദം കുറയ്ക്കാനായി ചെറിയ പ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും.