നഴ്സുമാര്‍: 101,948
കെയര്‍ വര്‍ക്കേഴ്സ് & ഹോം കെയറേഴ്സ്: 63,136
സെയില്‍സ് & റീട്ടെയില്‍ അസിസ്റ്റന്റ്: 45,303
ഷെഫ്: 44,540
എച്ച്ജിവി ഡ്രൈവര്‍: 7490
ഹെല്‍ത്ത് & സേഫ്റ്റി ഓഫീസേഴ്സ്: 7783
പ്രൈമറി & നഴ്സറി എഡ്യുക്കേഷന്‍ ടീച്ചിംഗ് പ്രൊഫഷണല്‍സ്: 37,742
യുകെയില്‍ ഒക്ടോബര്‍ 4 മുതല്‍ 10 വരെ പോസ്റ്റ് ചെയ്യപ്പെട്ട പുതിയ തൊഴിലവസരങ്ങളുടെ പട്ടികയാണ് മേല്‍പ്പറഞ്ഞത്. ഇതോടെ യുകെയിലെ തൊഴിലവസരങ്ങള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞു. 2 മില്ല്യണ്‍ മുകളില്‍ ഒഴിവുകളിലാണ് ജോലിക്കാരെ ആവശ്യമുള്ളതെന്ന് പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
ഒക്ടോബര്‍ 4 മുതല്‍ 10 വരെ ഏകദേശം 235,000 പുതിയ തൊഴിലവസരങ്ങളാണ് ജോബ് വിപണിയില്‍ ചേര്‍ക്കപ്പെട്ടത്. ഇതോടെ ആകെ ആക്ടീവ് ഒഴിവുകളുടെ എണ്ണം 2.29 മില്ല്യണില്‍ എത്തി. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ തൊഴില്‍ പരസ്യങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് അവസാനം മുതല്‍ ഏകദേശം 6 ലക്ഷം തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
1 ലക്ഷത്തിന് മുകളില്‍ നഴ്സുമാരെയാണ് യുകെ കാത്തിരിക്കുന്നതെന്ന ഞെട്ടിക്കുന്ന കണക്കുകളും ഇതോടൊപ്പം ചേര്‍ക്കപ്പെടുന്നു. ക്രിസ്മസ് കാലം അടുത്തതോടെയാണ് റീട്ടെയില്‍ ജീവനക്കാര്‍ക്ക് ഇത്രയേറെ ആവശ്യം രേഖപ്പെടുത്തുന്നത്. ബ്രിട്ടനില്‍ സപ്ലൈ ചെയിന്‍ പ്രതിസന്ധി മുറുകുമ്പോള്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങി ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ബ്രിട്ടനില്‍ ഒരു ലക്ഷത്തോളം ലോറി ഡ്രൈവര്‍മാരുടെ കുറവുണ്ടെന്ന് റോഡ് ഹോളേജ് അസോസിയേഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് 7490 പുതിയ തൊഴിലവസരങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത്. ലേബര്‍ വിപണിയില്‍ വന്‍തോതില്‍ ആളുകളുടെ ക്ഷാമം നേരിടുന്നത് യുകെയുടെ സാമ്പത്തിക തിരിച്ചുവരവിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.