CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 41 Minutes 52 Seconds Ago
Breaking Now

ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റില്‍ പന്നിയിറച്ചി ഉണ്ടാകുമെല്ലോ അല്ലേ?'; എ എ റഹിമിനോട് സന്ദീപ് വാചസ്പതി

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നവരാണോ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്,

ഭക്ഷണത്തിന് മതമില്ല' എന്ന മുദ്രാവാക്യത്തോടെ ഹലാല്‍ വിവാദത്തില്‍ ഫുഡ് സ്ട്രീറ്റ്  സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ച സാഹചര്യത്തില്‍ ദേശീയ അധ്യക്ഷന്‍ എ എ റഹീമിന് മുന്നില്‍ ചോദ്യങ്ങളുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി . ഭക്ഷണത്തില്‍ മതം കലര്‍ത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശം. ഇത് വളരെ നല്ല കാര്യമെന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാചസ്പതി പോസ്റ്ററില്‍ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയില്‍ പെടുത്താനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും കുറിച്ചു.

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നവരാണോ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്, ഭക്ഷണത്തില്‍ മതത്തിന് സ്ഥാനം ഇല്ലാത്തതിനാല്‍ ഡിവൈഎഫ്‌ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റില്‍ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ എന്നിങ്ങനെ എട്ട് ചോദ്യങ്ങളാണ് എ എ റഹീമിനോട് സന്ദീപ് വാചസ്പതി ഉന്നയിക്കുന്നത്.

സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട എ എ റഹിമിന്, ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ 'ഫുഡ് സ്ട്രീറ്റ്' എന്ന പേരില്‍ ഒരു പരിപാടി നടത്തുന്നതായി അറിഞ്ഞു. വളരെ നല്ല കാര്യം. ഭക്ഷണത്തില്‍ മതം കലര്‍ത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്‌ഐ സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്ക്കായി തയ്യാറാക്കിയ പോസ്റ്ററില്‍ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയില്‍ പെടുത്താനാണ് ഇത് എഴുതുന്നത്. ഹലാല്‍ എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് റഹിമിന് അറിയുന്നതാണല്ലോ. ഹലാല്‍ എന്നാല്‍ ഇസ്ലാമിന് അനുവദനീയമായത് എന്നാണല്ലോ അര്‍ത്ഥം. ആ സാഹചര്യത്തില്‍ എന്റെ ചില സംശയങ്ങള്‍ക്ക് റഹിം മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

1. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നവരാണോ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്, അതോ അത് വേണ്ടെന്ന് പറയുന്നവരോ?

2. ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത്?.

3. ഹലാല്‍ ഭക്ഷണം എന്നത് ഒരു തരത്തില്‍ അയിത്താചാരണം തന്നെ അല്ലേ?

4. ഖുര്‍ആന്‍ അനുശാസിക്കുന്ന തരത്തില്‍ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം?

5. അങ്ങനെ വരുമ്പോള്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരകര്‍ക്ക് എതിരെ അല്ലെ വേണ്ടത്?

6. ഭക്ഷണത്തില്‍ മതത്തിന് സ്ഥാനം ഇല്ലാത്തതിനാല്‍ ഡിവൈഎഫ്‌ഐ നടത്തുന്ന 'ഫുഡ് സ്ട്രീറ്റില്‍' പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?

7. ഉസ്താദ് മന്ത്രിച്ച് ഊതിയാല്‍ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേര്‍ന്നതാണോ?

8. ഭക്ഷണത്തില്‍ തുപ്പുന്നത് ഖുര്‍ആന്‍ അനുസരിച്ച് ആണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെ?

ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത് സംഘപരിവാര്‍ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാവുക. അതോടെ നിങ്ങളുടെ പോസ്റ്ററില്‍ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകും. താങ്കളുടെ രാഷ്ട്രീയം ആത്മാര്‍ഥമാണെങ്കില്‍, ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് നീതി പുലര്‍ത്തുന്നു എങ്കില്‍ പോസ്റ്റര്‍ ഉടന്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കില്‍ ഈ സമരത്തില്‍ അണിചേരാന്‍ ഞാനും തയ്യാറാണെന്ന് അറിയിക്കട്ടെ. ഇല്ലായെങ്കില്‍ ഈ സമരം ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരും.

 

സ്‌നേഹത്തോടെ സന്ദീപ് വാചസ്പതി

 

 

 




കൂടുതല്‍വാര്‍ത്തകള്‍.