ഉക്രെയിന്‍ അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കണമെന്ന ആഹ്വാനം കേട്ട് പലരും ഇവരെ വീടുകളിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഇതിനായി സര്‍ക്കാരില്‍ നിന്നും ഒരു വിഹിതം ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ ഒരു കരുണ കാണിക്കാന്‍ തോന്നിയ നിമിഷത്തെ കുറിച്ച് ആലോചിച്ച് പശ്ചാത്തപിക്കുകയാണ് മൂന്ന് മക്കളുടെ അമ്മ. ഇവരുടെ വീട്ടില്‍ താമസത്തിനെത്തിയ ഉക്രെയിന്‍കാരിക്കൊപ്പം പങ്കാളി മുങ്ങിയതാണ് ഈ രോഷത്തിന് കാരണം.
10 വര്‍ഷം ഒരുമിച്ച് കഴിഞ്ഞ പങ്കാളിയാണ് അഭയാര്‍ത്ഥി യുവതി വീട്ടിലെത്തി പത്താം ദിവസം മനസ്സ് മാറ്റിയത്. തന്നെ നിസ്സാരമായി ഉപേക്ഷിച്ച് പോയതില്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ലോര്‍ണാ ഗാര്‍ണെറ്റ്. യുദ്ധകലുഷിതമായ ഉക്രെയിനില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയതാണ് സോഫിയാ കാര്‍കാഡിം.
വെസ്റ്റ് യോര്‍ക്ക്ഷയര്‍ ബ്രാഡ്‌ഫോര്‍ഡില്‍ നിന്നുള്ള സുരക്ഷാ ഗാര്‍ഡായ 29-കാരന്‍ ടോണി ഗാര്‍ണെറ്റിന് 22-കാരിയോട് ഉടനെ പ്രണയം തോന്നിയതാണ് പ്രശ്‌നമായത്. ഇതിന് പിന്നാലെ ബാക്കിയുള്ള ജീവിതം സോഫിയയ്‌ക്കൊപ്പം മതിയെന്ന് ടോണി നിശ്ചയിച്ചു. വെസ്‌റ്റേണ്‍ ഉക്രെയിനില്‍ നിന്നുള്ള സോഫിയ ടോണിയെ കണ്ട നിമിഷത്തില്‍ പ്രണയത്തിലായെന്നാണ് അവകാശപ്പെടുന്നത്.
ഈ നിശ്ചയത്തിലാണ് സോഫിയ നീങ്ങിയതെന്നാണ് ലോര്‍ണ വിശ്വസിക്കുന്നത്. ഉക്രെയിനിലെ സ്ഥിതി കണ്ട് ആശങ്കപ്പെട്ടതോടെയാണ് സ്‌കീമില്‍ അഭയാര്‍ത്ഥിയെ സ്വീകരിക്കാന്‍ തയ്യാറായതെന്ന് ലോര്‍ണ വ്യക്തമാക്കി. എന്നാല്‍ സോഫിയയ്‌ക്കൊരു വീട് കൊടുത്തതിന് പകരം കിട്ടിയത് ഈ വിധമാണ്, അവര്‍ പറയുന്നു.
സോഫിയയും, ടോണിയും തമ്മിലുള്ള അടുപ്പത്തില്‍ ബുദ്ധിമുട്ട് തോന്നിയ ലോര്‍ണ ഇത് തുറന്ന് പറഞ്ഞതോടെ വഴക്കായി. ഈ വീട്ടില്‍ താമസിക്കാനില്ലെന്ന് ഉക്രെയിന്‍കാരി വ്യക്തമാക്കിയതോടെ ടോണിയും പെട്ടിയും കിടക്കയുമെടുത്ത് സ്ഥലംവിട്ടു.