CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 11 Minutes 21 Seconds Ago
Breaking Now

ഈ കുടുംബത്തിലെ നാല് പേരും സിവില്‍ സര്‍വീസ് ഉദ്യേഗസ്ഥര്‍; ഐഎഎസ് ഐപിഎസ് സ്വന്തമാക്കി റെക്കോര്‍ഡിട്ട് സഹോദരങ്ങള്‍

നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്.

ഉത്തപര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഈ നാല് സഹോദരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ് സി എക്‌സാം എന്ന കടമ്പ കടന്ന് സില്‍ സര്‍വീസ് കരസ്ഥമാക്കിയവരാണ്. അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്.

അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും. പഠനത്തിലും സാമൂഹികമായ പിന്നോക്കാവസ്ഥയും എല്ലാം ഇവരും അനുഭവിച്ചിരുന്നു. ഏത് കഷ്ടപ്പാടിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനില്‍ പ്രകാശിന് വാശിയായിരുന്നു.

കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനില്‍ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നത്.

നാല് മക്കളില്‍ മൂത്തയാളായ യോഗേഷ് മിശ്രയാണ് കുടുംബത്തില്‍ ആദ്യമായി ഐഎഎസ് കരസ്ഥമാക്കിയത്. ലാല്‍ഗഞ്ചിലെ സ്‌കൂള്‍ പഠനത്തിന് ശേഷം യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് പഠിക്കാനായി മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേര്‍ന്നു. തുടര്‍ന്ന് നോയിഡയില്‍ എഞ്ചിനീയറായി ജോലി ചെയ്തു. ഇക്കാലത്താണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി പരിശീലിക്കാന്‍ തുടങ്ങിയത്.

പരിശ്രമങ്ങള്‍ക്കൊടുവില്‍ 2013ല്‍ യുപിഎസ് സി പരീക്ഷ വിജയിച്ച് യോഗേഷ് ഐഎഎസ് ഓഫീസറായി. തൊട്ടുപിന്നാലെ യോഗേഷിന്റെ അനിയത്തി ക്ഷമ മിശ്രയും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പ് ആരംഭിച്ചു. ആദ്യ മൂന്ന് തവണയും പരാജയം നുണഞ്ഞെങ്കിലും ക്ഷമ മിശ്ര പിന്‍മാറിയില്ല. വാശിയോടെ പഠിച്ച് നാലാമത്തെ പരിശ്രമത്തില്‍ സ്വപ്നം യാഥാര്‍ഥ്യമായി. ക്ഷമ ഐപിഎസ് ആണ് തിരഞ്ഞെടുത്തത്.

അനില്‍ പ്രകാശിന്റെ മൂന്നാമത്തെ മകള്‍ മാധുരി മിശ്ര ലാല്‍ഗഞ്ചില്‍ തന്നെയാണ് ബിരുദവും പൂര്‍ത്തിയാക്കിയത്. ശേഷം മാസ്റ്റേഴ്‌സ് ബിരുദമെടുക്കാന്‍ അലഹബാദിലേക്ക് പോയി. പിന്നീട് 2014ലാണ് യുപിഎസ്‌സി പരീക്ഷയില്‍ വിജയം നേടിയത്. ഇപ്പോള്‍ ജാര്‍ഖണ്ഡ് കേഡറില്‍ ഐഎഎസ് ഓഫീസറായി ജോലി ചെയ്യുകയാണ് മാധുരി.

സിവില്‍ സര്‍വീസ് സഹോദരങ്ങളിലം ഏറ്റവും ഇളയയാളാണ് ലോകേഷ് മിശ്ര. ലോകേഷും സഹോദരങ്ങളുടെ പാത പിന്തുടര്‍ന്ന് സിവില്‍ സര്‍വീസ് കടമ്പ വിജയകരമായി പൂര്‍ത്തിയാക്കി. 2015ലെ യുപിഎസ്സി പരീക്ഷയില്‍ ലോകേഷ് 44ാം റാങ്കാണ് നേടിയത്. ഇപ്പോള്‍ ബീഹാര്‍ കേഡറിലെ ഉദ്യോഗസ്ഥനാണ് ലോകേഷ് മിശ്ര.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.