CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 45 Seconds Ago
Breaking Now

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം ; അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന

പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

തായ്‌വാനില്‍ ഇന്നലെ രാത്രി വിമാനമിറങ്ങിയ പെലോസിയും സംഘവും ഇന്ന് തായ്വാനീസ് പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്തും. പാര്‍ലമെന്റ് സന്ദര്‍ശിച്ച് ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയേക്കും. അതേ സമയം തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

തായ്‌വാന്‍ വ്യോമപ്രതിരോധമേഖലയിലേക്ക് ഇന്നലെ 21 ചൈനീസ് യുദ്ധവിമാനങ്ങള്‍ കടന്നുകയറിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചൈനയുടെ പ്രകോപനങ്ങളോട് യുദ്ധത്തിന്റെ ഭാഷയില്‍ പ്രതികരിക്കാനില്ലെന്നാണ് ഇന്നലെ പെന്റഗണ്‍ പ്രതിനിധി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പെലോസിയുടെ സന്ദര്‍ശനത്തോട് യോജിപ്പില്ലെങ്കിലും പരസ്യമായി എതിര്‍ക്കില്ലെന്നാണ് സൂചന.

25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന അമേരിക്കന്‍ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ ആയ നാന്‍സി പെലോസി. തന്റെ പ്രതിനിധി ആയല്ല നാന്‍സി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു.

പെലോസിയെ തടയില്ലെന്നും അവര്‍ക്ക് തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമാണ് തന്റെ സന്ദര്‍ശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാന്‍സി പെലോസി തായ്‌വാനില്‍ ഇറങ്ങിയ ശേഷം പ്രസ്താവനയില്‍ അറിയിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.