CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 9 Seconds Ago
Breaking Now

അല്‍ സവാഹിരി കൊല്ലപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്ന് താലിബാന്‍ ; അല്‍ ഖ്വയിദ തലവന്‍ അഫ്ഗാനിലുണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രതികരണം

കാബൂളില്‍ വെച്ച് നടത്തിയ ആക്രമണം താലിബാനും യു.എസും തമ്മില്‍ 2020ല്‍ ഒപ്പുവെച്ച 'ദോഹ കരാറി'ന്റെ ലംഘനമാണെന്നും ഇത് അഫ്ഗാനില്‍ വീണ്ടും സാഹചര്യങ്ങള്‍ വഷളാകുന്നതിലേക്ക് നയിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.

അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്ന് താലിബാന്‍. അല്‍ ഖ്വയിദ തലവന്‍ അഫ്ഗാനിലുണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും പ്രതികരണം.അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയിലെ ഡ്രോണാക്രമണത്തിലൂടെ വധിച്ച യു.എസിന്റെ നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വെച്ച് നടത്തിയ ആക്രമണം താലിബാനും യു.എസും തമ്മില്‍ 2020ല്‍ ഒപ്പുവെച്ച 'ദോഹ കരാറി'ന്റെ ലംഘനമാണെന്നും ഇത് അഫ്ഗാനില്‍ വീണ്ടും സാഹചര്യങ്ങള്‍ വഷളാകുന്നതിലേക്ക് നയിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.

താലിബാന്‍ വക്താവ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലും ദോഹ കരാറിന്റെ കാര്യം പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ അല്‍ ഖ്വയിദ തലവന് കാബൂളില്‍ അഭയം നല്‍കിക്കൊണ്ട് താലിബാന്‍ സര്‍ക്കാരും കരാര്‍ ലംഘനം നടത്തിയിട്ടുണ്ട് എന്ന വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. താലിബാന്‍ അറിയാതെ യു.എസിന് കാബൂളില്‍ ആക്രമണം നടത്താനാകുമോ എന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു.ഇക്കാര്യങ്ങളില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താലിബാന്‍. വ്യാഴാഴ്ചയായിരുന്നു പ്രതികരണം.

അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച താലിബാന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. അല്‍ സവാഹിരി കാബൂളില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് താലിബാന് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

'താലിബാന്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ്, അവരുടെ സഹായത്തോടെയാണ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയതെന്ന അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിനോ നേതൃത്വത്തിനോ അറിവില്ല, അതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

അത്തരം അവകാശവാദങ്ങളുടെ ആധികാരികത കണ്ടെത്താന്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഇക്കാര്യത്തില്‍ താലിബാന്‍ നേതൃത്വം നിരന്തരം യോഗം ചേരുന്നുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ എല്ലാവരുമായും പങ്കുവെക്കും,' ഖത്തറിലെ ദോഹയിലുള്ള താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയായ സുഹൈല്‍ ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.