മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമെതിരായ പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മന്ത്രിമാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട് അവര്‍ക്ക് പരിചയക്കുറവുമുണ്ട്. പക്ഷേ, ആദ്യ പിണറായി സര്‍ക്കാരും രണ്ടു വര്‍ഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. എന്നാല്‍ പറയുന്നത് പോലുള്ള വലിയ പ്രശ്‌നമില്ല. എങ്കിലും പാര്‍ട്ടിയുടെ പ്രതീക്ഷയ്‌ക്കൊത്ത് വരണമെന്ന നിര്‍ദേശം ഉള്‍ക്കൊള്ളുന്നതായി വിമര്‍ശനങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പെരുമാറ്റം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓഫീസില്‍ തങ്ങളെ കാണാന്‍ വരുന്നവരെ മടുപ്പിക്കുന്ന വിധത്തില്‍ പെരുമാറരുത്. ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ ചെലുത്തണം. വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ മന്ത്രിമാരെ കാണാന്‍ വരുമ്പോള്‍ ഓഫീസുകളിലെ മോശമാ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പല മന്ത്രിമാരും തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഭരണത്തില്‍ പരിചയക്കുറവ് ഒരു പ്രശ്‌നമാണെന്നും വിമര്‍ശനം ഉയര്‍ന്നു. നേതാക്കള്‍ വിളിച്ചാല്‍ പോലും ചില മന്ത്രിമാര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിമര്‍ശനം അംഗീകരിക്കുന്നുവെന്ന സമീപനം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.