സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങും. ഇപ്പോള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ പഴകിയതിനാലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ നല്‍ക്കുന്ന വിശദീകരണം. 3.22 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്.പുതിയ കാറുകള്‍ ലഭിച്ച ശേഷം ഇപ്പോള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാന്‍ കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 72 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാന്‍ നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയിരിന്നു. ഇവയുടെ നിറം വെള്ളയില്‍ നിന്നു കറുപ്പാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രളയകാലത്തെ പ്രതിസന്ധിയെ തുടര്‍ന്ന് കാര്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ടായിരിന്നു. എന്നാല്‍ ഇത് മറികടന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ മന്ത്രിസഭ വഴി അനുമതി വാങ്ങുകയായിരുന്നു.