വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വെച്ച് ആശ്ലേഷിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് നടപടിയുമായി കോളേജ് അധികൃതര്‍. ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. പ്ലസ് വണ്‍ ക്ലാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ക്ലാസ് മുറിയില്‍ പരസ്പരം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതേ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു.
സ്വകാര്യ സ്ഥാപനമായ സില്‍ച്ചാറിലെ രാമാനുജ് ഗുപ്ത കോളേജിലാണ് സംഭവം. വീഡിയോ വൈറലായതോടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. കോളേജ് അധികൃതര്‍ക്കും വിമര്‍ശനമേറ്റു.
കഴിഞ്ഞ ബുധനാഴ്ചയാണ് വീഡിയോ കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാല് പെണ്‍കുട്ടികളെയും മൂന്ന് ആണ്‍കുട്ടികളെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോളേജിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു. അധ്യാപകര്‍ ഇല്ലാതിരുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പരസ്പരം കെട്ടിപ്പിടിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പൂര്‍ണദീപ് ചന്ദ പറഞ്ഞു.