22 വര്‍ഷത്തെ വിജയകരമായ പ്രവർത്തനത്തിലൂടെ സംഘടനയെ വളര്‍ത്തിയെടുത്ത സംഗീതയുടെ നേത്രുത്വ ശ്രേണിയിലെ ഇപ്പോഴത്തെ കണ്ണികളായ ചെയർമാൻ പ്രകാശ് രാമസ്വാമിയുറെയും, പ്രസിടന്റ്റ് സി കെ സുജാതന്റെയും, സെക്രട്ടറി ജയപ്രകാശ് പണിക്കരുടെയും അടക്കമുള്ള ഭരണസമിതിയുടെ താൽപ്പര്യപ്രകാരമാണ് യുക്മയിൽ ചേരുന്നതിന് സംഗീത തീരുമാനമെടുത്തത്. അംഗങ്ങളുടെ സാംസ്കാരികവും കലാപരവുമായ കഴിവുകളുടെ വികസനത്തിന് ഊന്നൽ കൊടുക്കുന്ന ഈ സംഘടനയുടെ കീഴിൽ ഉള്ള ആഴ്ചാവസാന ക്ലാസ്സുകളിൽ 300-ൽ അധികം കുട്ടികളാണ് 14 അദ്ധ്യാപകരിൽ നിന്നും നൃത്തം, സംഗീതം, ഉപകരണ സംഗീതം എന്ന് തുടങ്ങി വിവിധ ഇനങ്ങളിൽ പരിശീലനം നേടുന്നത്. യുക്മ കലാമേളകളും കലാ സാംസ്കാരിക രംഗങ്ങളിലെ വികസനത്തെ മുൻ നിർത്തിയുള്ള യുക്മയുടെ മറ്റു പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിനുള്ള താല്‍പ്പര്യമാണ് യുക്മയിൽ അംഗത്വമെടുക്കുന്നതിനുള്ള പ്രേരണയായി മാറിയത് .
കലാകാരന്മാരെ ആദരിക്കുന്നതിലും അവസരങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധ പതിപ്പിച്ചിട്ടുള്ള ഈ സംഘടന ചാരിറ്റി പ്രവര്‍ത്തന രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാന മാക്കി പ്രവര്‍ത്തിക്കുന്ന 'ഫോക്കസ് ഫോര്‍ത്ത്' എന്നാ ചാരിറ്റി സംഘടനയിലൂടെ മാനസിക വൈകല്യം ബാധിച്ച 72 കുട്ടികളെ സംരക്ഷിച്ച് അവരെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമകരമായ ദൗത്യം കൂടി സംഗീത ഓഫ് ദി യുകെ യ്ക്ക് സ്വന്തം. യുക്മ സൌത്ത് ഈസ്റ്റ് സൌത്ത് വെസ്റ്റ് റീജിയനിൽ കൂടി ആയിരിക്കും സംഗീത യുക്മയിൽ പ്രവര്‍ത്തിക്കുക.
മികച്ച പ്രവര്‍ത്തനത്തിന്റെ നീണ്ട വര്‍ഷങ്ങളിലെ അനുഭവ പരിചയം സംഗീതയുടെ യുക്മയിലേക്കുള്ള ആഗമനത്തിലൂടെ യുക്മക്ക് കൂടി സ്വന്തമാകുകയാണ് എന്നാണു സംഗീതയുടെ ആഗമനത്തെ കുറിച്ചു യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പി അഭിപ്രായപ്പെട്ടത്. സംഗീത ഓഫ് ദി യു കെ യ്ക്ക് യുക്മയിൽ അംഗത്വം കൊടുത്ത ഏപ്രിൽ 27-നു ചേര്‍ന്ന യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്മ നാഷണൽ കമ്മിറ്റിയും റീജിയണൽ കമ്മിറ്റികളും അംഗ അസോസിയേഷനുകളും സംഗീത ഓഫ് ദി യുകെയുടെ യുക്മയിലേക്കുള്ള ആഗമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.