CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 8 Minutes 7 Seconds Ago
Breaking Now

വിദ്യാഭ്യാസവകുപ്പ് മെരിറ്റ് ലിസ്റ്റ് അട്ടിമറിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

സംസ്ഥാന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രവേശനത്തില്‍ മെരിറ്റ് ലിസ്റ്റ് അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നീതി നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടികള്‍ വിലപ്പോകില്ലെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ .

ഏകജാലകസംവിധാനത്തിന്റെ തകര്‍ച്ചയുടെ പരിണിതഫലങ്ങള്‍ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഇന്ന് അനുഭവിക്കുകയാണ്. മെരിറ്റിന് പ്രാധാന്യം നല്‍കും, കമ്യൂണിറ്റി മാനേജ്‌മെന്റ് ക്വാട്ടകളില്‍ ഇടപെടില്ല, ക്ലാസുകള്‍ ആരംഭി ക്കുവാന്‍ കാലവിളംബം സൃഷ്ടിക്കില്ല തുടങ്ങിയ ഉറപ്പുകളില്‍ നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നു. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന നടപടിക്രമങ്ങള്‍ തുടരുവാന്‍ വിദ്യാഭ്യാസവകുപ്പ് ശ്രമിക്കേണ്ടതിനുപകരം വിവാദങ്ങള്‍ സൃഷ്ടിച്ച് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളില്‍ നി്ന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. 

80 % വരെ മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ കിട്ടാതെ പുറത്തു നില്‍ക്കുമ്പോള്‍ 10% സീറ്റ് വര്‍ദ്ധിപ്പിച്ച് സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ നടത്താനുള്ള പ്രഖ്യാപനം വന്നിരിക്കുന്നു. നിലവാരം കുറഞ്ഞ വിദ്യാലയങ്ങളില്‍ മെറിറ്റില്‍ പ്രവേശനം നേടിയ മാര്‍ക്കു കുറഞ്ഞ വിദ്യാര്‍ത്ഥികളും റിസര്‍വേഷനിലൂടെ പ്രവേശനം നേടിയ കഷ്ടിച്ചു ജയിച്ച വിദ്യാര്‍ത്ഥികളുമാണ് സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിലൂടെ, ഉയര്‍ന്ന മാര്‍ക്കു നേടിയവര്‍ അഡ്മിഷന്‍ കിട്ടാതെ നില്‍ക്കുമ്പോള്‍ അതേ വിദ്യാലയങ്ങളില്‍ പ്രവേശനം നേടുക. ഇത് കടുത്ത അനീതിയും മെറിറ്റ് അട്ടിമറിക്കലുമാണ്. 

കമ്മ്യൂണിറ്റി ക്വോട്ടാ റാങ്ക് ലിസ്റ്റ് ജനറേറ്റിംഗ് സോഫ്റ്റ്‌വെയര്‍ എന്ന പേരില്‍ ന്യൂനപക്ഷ മാനേജ്‌മെന്റുകളെക്കൊണ്ട് ഡേറ്റാ എന്‍ട്രി നടത്തിച്ച് അലോട്ട്‌മെന്റ് നടത്തുകവഴി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. 

പതിറ്റാണ്ടുകളായി ന്യൂനപക്ഷവിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനര്‍ഹരായ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് അസ്വസ്തത സൃഷ്ടിക്കുവാനും, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പരാജയപ്പെടുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനുമുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ അജണ്ടയ്ക്ക് കൂട്ടുനില്‍ക്കാതെ നിലപാട് വ്യക്തമാക്കി അടിയന്തരനടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.