ഇടുക്കിയില്‍ വന്‍ മരംകൊള്ള. ശാന്തന്‍പാറക്ക് സമീപം പേത്തൊട്ടിയില്‍ ഏലമലക്കാട്ടില്‍ നിന്നും നിയമം ലംഘിച്ച് മരങ്ങള്‍ മുറിച്ചുകടത്തി. വിവിധ ഇനത്തില്‍ പെട്ട 150 ലധികം മരങ്ങളാണ് മുറിച്ചുകടത്തിയത്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്‌നാട് സ്വദേശികളായ എം ബൊമ്മയ്യന്‍, അയ്യപ്പന്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്. ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തില്‍ പെട്ട മരങ്ങളാണ് മുറിച്ചു മാറ്റിയത്.
ശാന്തന്‍പാറ പേത്തൊട്ടിയിലെ കാര്‍ഡമം ഹില്‍ റിസര്‍വില്‍ പെട്ട ഭൂമിയില്‍ നിന്നും ഏലം പുനകൃഷിയുടെ മറവിലാണ് മരം കൊള്ള നടത്തിയത്. ഇവിടെ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതിയില്ല. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ പോലും വനംവകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഗുരുതര നിയമ ലംഘനം.
ഒന്നര വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ സമീപത്താണ് സംഭവം. ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന സര്‍വേ നമ്പര്‍ 78/1ല്‍ ഉള്‍പ്പെടുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്നാണ് മരം വെട്ടിയത്. സംഭവം വിവാദമായതോടെ വനം വകുപ്പ് കേസ് എടുത്തു. ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മരക്കുറ്റികള്‍ എണ്ണി തിട്ടപ്പെടുത്തി സത അടിച്ചു.