എയര്‍ ഇന്ത്യ വിമാനം 171 ക്യാപ്റ്റന്‍ സുമീത് അഗര്‍വാള്‍ വിമാനത്തിന്റെ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫാക്കിയെന്ന് കുറ്റം ചുമത്താനുള്ള ശ്രമങ്ങളിലാണ് ചില മാധ്യമങ്ങള്‍. 241 പേരുടെ മരണത്തിനിടയാക്കിയ അപകടം ക്യാപ്റ്റന്‍ മനഃപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തരത്തിലേക്കാണ് വാര്‍ത്തകള്‍ കൊണ്ടെത്തിക്കുന്നത്. ഇതിന് ശക്തി പകരുന്ന തരത്തിലാണ് വിമാനം പറന്നുയരുന്നതിന് മുന്‍പായി ഫസ്റ്റ് ഓഫീസര്‍ക്ക് ക്യാപ്റ്റന്‍ വിമാനത്തിന്റെ നിയന്ത്രണം കൈമാറുന്ന ശബ്ദരേഖ ഉയര്‍ത്തിക്കാണിക്കുന്നത്.
ബ്ലാക്ക് ബോക്‌സിലെ റെക്കോര്‍ഡിംഗിലാണ് ക്യാപ്റ്റന്‍ സുമീത് അഗര്‍വാള്‍ 'വിമാനം ഇനി നിങ്ങളുടെ കൈകളിലാണ്' എന്ന് അറിയിക്കുന്ന സന്ദേശമുള്ളത്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് രണ്ട് പാശ്ചാത്യ ശ്രോതസ്സുകള്‍ പറഞ്ഞു.
ടേക്ക് ഓഫില്‍ വിമാനത്തിന്റെ നിയന്ത്രണം ഫസ്റ്റ് ഓഫീസര്‍ക്ക് നല്‍കുന്നത് അസാധാരണമല്ലെന്ന് അവര്‍ സമ്മതിക്കുന്നു. എന്നിരുന്നാലും ഈ സംഭവത്തില്‍ ഇത് ക്യാപ്റ്റന് സൈ്വര്യമായി തന്റെ കൃത്യം നിര്‍വ്വഹിക്കാന്‍ അവസരം നല്‍കിയെന്നാണ് ഇവരുടെ ആരോപണം. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചാണ് യുഎസ് പൈലറ്റുമാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്.
എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് ഉപയോഗിച്ച് ഇത്തരം മാധ്യമ സ്ഥിരീകരണങ്ങളിലേക്ക് എത്തുന്നതിന് എതിരെ യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് രംഗത്തെത്തി. കൃത്യമായ അന്വേഷണമില്ലാതെയാണ് ഇത്തരം മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നതെന്ന് എന്‍ടിഎസ്ബി കുറ്റപ്പെടുത്തി. അപകടത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ എന്‍ടിഎസ്ബി ചെയര്‍ ജെന്നിഫര്‍ ഹോമെന്‍ഡി വിമര്‍ശനം ഉന്നയിച്ചു.