ബാരാമതി ടൗണിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ ഭിഗ്വാന്‍ റോഡ് ശാഖയിലെ ചീഫ് മാനേജര്‍ ജീവനൊടുക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നുള്ള ശിവശങ്കര്‍ മിത്ര (52) ആണ് മരിച്ചത്. ബാങ്കിലെ ജോലി സമ്മര്‍ദ്ദം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ശിവശങ്കര്‍ കുറിപ്പില്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
'ബാരാമതിയിലെ ബാങ്ക് ഓഫ് ബറോഡയില്‍ ചീഫ് മാനേജരായി ശിവശങ്കര്‍ മിത്ര ജോലി ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും ജോലി സമ്മര്‍ദ്ദവും ചൂണ്ടിക്കാട്ടി അദ്ദേഹം 2025 ജൂലൈ 11-ന് രാജി സമര്‍പ്പിച്ചു. ബാങ്കില്‍ നിന്ന് അദ്ദേഹത്തിന്റെ രാജി കത്തിന്റെ പകര്‍പ്പ് ഞങ്ങള്‍ക്ക് ലഭിച്ചു,' ബാരാമതി സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിലാസ് നലെ പറഞ്ഞു.
ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ബാങ്കിലെ ജോലി സമ്മര്‍ദ്ദം മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് പറയുന്നുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കര്‍ മിത്രയ്ക്ക് 90 ദിവസത്തെ നോട്ടീസ് പിരീഡ് ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് അധിക ജോലി സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ആത്മഹത്യാക്കുറിപ്പില്‍, തന്റെ ഭാര്യയോടും മകളോടും അദ്ദേഹം ക്ഷമ ചോദിക്കുകയും സാധ്യമെങ്കില്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതായും പൊലീസ് പറഞ്ഞു. 'എന്റെ ഭാര്യ പ്രിയയും മകള്‍ മഹിയും ദയവായി എന്നോട് ക്ഷമിക്കൂ. കഴിയുമെങ്കില്‍ ദയവായി എന്റെ കണ്ണുകള്‍ ദാനം ചെയ്യൂ' എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.