ലൈംഗിക തൊഴിലിലേക്ക് ഇറങ്ങണമെന്ന ആവശ്യം നിരസിച്ചതോടെ 22കാരിയായ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. പുഷ്പ എന്ന യുവതിയെ ഷെയ്ക് ഷമ്മ എന്ന 22കാരനാണ് കൊലപ്പെടുത്തിയത്. ആന്ധ്ര പ്രദേശിലെ അംബേദ്കര്‍ കൊനസീമ ജില്ലയിലാണ് സംഭവം.
ബിസവരം ഗ്രാമത്തിലെ സിദ്ധാര്‍ത്ഥ നഗറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുഷ്പ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി ഷമ്മയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇരുവരും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷമ്മ അടുത്തിടെ സംശയിക്കാന്‍ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിച്ചു. മദ്യപിച്ച് പുഷ്പയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ ഇരുവരും തമ്മില്‍ വീണ്ടും രൂക്ഷമായ തര്‍ക്കമുണ്ടായി. ലൈംഗിക തൊഴിലിലേക്ക് ഇറങ്ങില്ലെന്ന് പുഷ്പ തറപ്പിച്ച് പറഞ്ഞതോടെ ഷമ്മ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെഞ്ചിന്റെ ഇടതു വശത്തും കാലിലും കുത്തി. പുഷ്പയുടെ അമ്മ ഗംഗയെയും ഇടപെടാന്‍ ശ്രമിച്ച സഹോദരനെയും ഷമ്മ ആക്രമിച്ചു. ഇരുവര്‍ക്കും പരിക്കേറ്റു. അമിത രക്തസ്രാവം മൂലം പുഷ്പ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.