യുകെയില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി വോട്ടിംഗ് പ്രായം 16 വയസ്സായി ചുരുക്കാന്‍ നീക്കം തുടങ്ങി. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ കൗമാരക്കാരെ കൂടുതലായി സ്വാഗതം ചെയ്യാമെന്നാണ് ഗവണ്‍മെന്റ് നിലപാട്. ലേബറിന് അനുകൂലമായി വോട്ട് ചെയ്യുന്നവരുടെ എണ്ണമേറുമെന്ന പ്രതീക്ഷയിലാണ് നീക്കമെങ്കിലും ഇത് ചെറുപാര്‍ട്ടികളായ ഗ്രീന്‍സ്, റിഫോം യുകെ പോലുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്ന് ആശങ്കയുണ്ട്.
16, 17 വയസ്സില്‍ ജോലി ചെയ്യാന്‍ തുടങ്ങുന്ന കൗമാരക്കാര്‍ക്ക് വോട്ടവകാശം നല്‍കാമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. നികുതി അടയ്ക്കുന്ന കൗമാരക്കാര്‍ക്ക് തങ്ങളുടെ പണം ഏത് വിധത്തില്‍ ഉപയോഗിക്കണമെന്ന് പറയാനുള്ള അധികാരവും നല്‍കണമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നിലപാട്.
ഈ നീക്കം നടപ്പിലായാല്‍ യുകെയില്‍ വോട്ടിംഗ് പ്രായം 16 വയസ്സിലേക്ക് ചുരുങ്ങും. സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും ഈ മാറ്റം വരുത്തിയിട്ടുണ്ട്. 1969ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റം കൂടിയാണ് ഇത്. 21 വയസ്സില്‍ നിന്നും 18 വയസ്സിലേക്കാണ് പ്രായം കുറച്ചത്.
എന്നാല്‍ ഈ നീക്കം തിരിച്ചടിക്കുമെന്ന് ചില ലേബര്‍ എംപിമാര്‍ ആശങ്കപ്പെടുന്നു. കൂടുതല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് അനുകൂലമായി മാറുമെന്ന് ഇവര്‍ ഭയക്കുന്നു. പ്രത്യേകിച്ച് യുവാക്കള്‍ റിഫോം യുകെയെ പിന്തുണയ്ക്കുന്നത് വര്‍ദ്ധിക്കുകയാണ്.