ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിച്ച് ലണ്ടനിലും, സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്. ഇംഗ്ലണ്ടിലെ മറ്റ് ഭാഗങ്ങള്‍ക്കായി മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, യാത്രാ തടസ്സങ്ങള്‍ക്കും, പവര്‍കട്ടിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
സ്‌കോട്ട്‌ലണ്ടില്‍ വൈകുന്നേരം 4 മുതല്‍ ഞായറാഴ്ച ഉച്ച വരെ മഞ്ഞ മഴ മുന്നറിയിപ്പാണുള്ളത്. ഇന്നത്തെ ആംബര്‍ മുന്നറിയിപ്പ് ഹാംപ്ഷയര്‍ മുതല്‍ കെന്റിലും, കേംബ്രിഡ്ജിലും ഉള്‍പ്പെടെ ലണ്ടനിലെ എല്ലാ ഭാഗത്തും പ്രാബല്യത്തിലുണ്ട്.
ആംബര്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ഒരു മണിക്കൂറില്‍ 20 മുതല്‍ 30 എംഎം വരെ മഴ പെയ്യുമെന്നാണ് സൂചന. ശക്തമായ മഴ തുടരുന്ന മേഖലകളില്‍ ഇത് 90 എംഎം വരെ ഏതാനും മണിക്കൂറില്‍ ഉയരാം.
റോഡുകളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഇത് ട്രെയിന്‍, ബസ് സേവനങ്ങള്‍ റദ്ദാകാന്‍ ഇടയാക്കും. പവര്‍കട്ടിനും സാധ്യത കൂടുമെന്നാണ് അറിയിപ്പ്. വീടുകളിലും, ബിസിനസ്സുകളെയും വെള്ളക്കെട്ട് ബാധിക്കാന്‍ ഇടയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു.