
















ചെങ്കോട്ട സ്‌ഫോടനം നടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്ഫോടന സമയത്ത് സമീപത്തുണ്ടായിരുന്ന വ്ളോഗര്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് സ്ഫോടനത്തിന്റെ വലിയ ശബ്ദവും തീയും പുകയും കണ്ട് പരിഭ്രാന്തരാകുന്ന ആളുകളെ വീഡിയോയില്‍ കാണാനാവും. സ്ഫോടനത്തിന് പിന്നാലെ എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ഒരു നിമിഷം പകച്ചിരിക്കുന്ന മനുഷ്യര്‍ പിന്നീടാണ് ചിതറി ഓടുന്നത് പോലും
വലിയ ശബ്ദം കേട്ട് കൈക്കുഞ്ഞുങ്ങളെയടക്കം കയ്യില്‍ പിടിച്ച് ഓടുന്ന മനുഷ്യരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്ഫോടനം നടക്കുന്ന സമയത്ത് ആയിരക്കണക്കിന് ആളുകള്‍ പരിസര പ്രദേശത്ത് ഉണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.