
















ബ്രിട്ടനില്‍ അതിശക്തമായ മഴ സമ്മാനിക്കാന്‍ ക്ലോഡിയ കൊടുങ്കാറ്റ് വരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആറിഞ്ച് വരെയുള്ള മഴയും, 70 എംപിഎച്ച് കാറ്റും വീശിയടിക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
മധ്യ ഇംഗ്ലണ്ടിലും, സൗത്ത് വെയില്‍സിലുമായി ജീവന്‍ അപകടത്തിലാക്കുന്ന രണ്ട് ആംബര്‍ മഴ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. അര്‍ദ്ധരാത്രി വരെ മുന്നറിയിപ്പിന് പ്രാബല്യമുണ്ട്. സതേണ്‍ ഇംഗ്ലണ്ടിലും, മിഡ്‌ലാന്‍ഡ്‌സിലുമായി കൂടുതല്‍ വ്യാപകമായ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്. ഇതിന് രാവിലെ 6 മുതല്‍ ശനിയാഴ്ച രാവിലെ 6 വരെയാണ് ദൈര്‍ഘ്യം. 
ക്ലോഡിയ കൊടുങ്കാറ്റിന് സ്‌പെയിനാണ് നാമകരണം ചെയ്തിരിക്കുന്നത്. വെസ്റ്റ് ലൈബീരിയ, കാനറി ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ കൊടുങ്കാറ്റ് പ്രഭാവം അറിയിക്കുന്നുണ്ട്. ശക്തമായ കാറ്റും. കിഴക്കന്‍ കാറ്റുമാണ് യുകെയിലേക്ക് എത്തിച്ചേരുക. 
ക്ലോഡിയ വേഗത കുറഞ്ഞ് സഞ്ചരിക്കുന്നതിനാല്‍ ശക്തമായ മഴ കൂടുതല്‍ സമയം നീണ്ടുനില്‍ക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇംഗ്ലണ്ടിലെ ഭൂരിഭാഗം ഇടങ്ങളിലും, വെയില്‍സിലും മഴ എത്തുമ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും രാവിലെ മഴയുണ്ടാകില്ല.
സൗത്ത് വെയില്‍സിലാണ് മഴ കൂടുതല്‍ ലഭിക്കുക. 50 എംഎം മുതല്‍ 75 എംഎം വരെ മഴയാണ് ആംബര്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 100 മുതല്‍ 150 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ട്.