
















വിന്ററാണ്, ക്രിസ്മസാണ്... പക്ഷെ സമരം നടത്താന്‍ ഇതൊരു ബെസ്റ്റ് ടൈമാണ്, റസിഡന്റ് ഡോക്ടര്‍മാര്‍ക്ക്. ഡിസംബറില്‍ അഞ്ച് ദിവസം കൂടി പണിമുടക്ക് നടത്താനുള്ള പ്രഖ്യാപനം നടത്തി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ആശുപത്രികളെ പൂര്‍ണ്ണമായി സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ക്രിസ്മസിന് തൊട്ടുമുന്‍പ് ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 22 വരെയാണ് ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ ഇറങ്ങുന്നത്. ഗവണ്‍മെന്റ് പുതിയ ഓഫറൊന്നും മുന്നോട്ട് വെയ്ക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമരതീയതികള്‍ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെട്ടു.
2022 മുതല്‍ 13 തവണ സമരം ചെയ്ത ബിഎംഎ രണ്ടാഴ്ച മുന്‍പും പണിമുടക്കിയിരുന്നു. എന്നാല്‍ അവസാനം നടത്തിയ സമരങ്ങളില്‍ ഡോക്ടര്‍മാര്‍ വിമുഖത പ്രകടിപ്പിച്ചതായി കണക്കുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കാനുള്ള തീരുമാനം വരുന്നത്.
ക്രിസ്മസ് തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അപലപിച്ചു. ബിഎംഎ പോരാട്ടം കടുപ്പിക്കുമ്പോള്‍ ഇത് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് എന്‍എച്ച്എസ് മേധാവികളും കുറ്റപ്പെടുത്തി. എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ഏറെ ആവശ്യക്കാര്‍ വരുന്ന സമയം കൂടിയാണ് വിന്റര്‍ സീസണ്‍. ഫ്‌ളൂ കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ജീവനക്കാരും അസുഖബാധിതരാകുമ്പോള്‍ സമ്മര്‍ദം കുതിച്ചുയരും.
പബ്ലിക് സെക്ടര്‍ മേഖലയിലെ ശമ്പളവര്‍ദ്ധനവുകള്‍ പരിഗണിച്ച് മേയില്‍ 5.4 ശതമാനം വര്‍ദ്ധനവാണ് റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചത്. എന്നാല്‍ 29.2 ശതമാനം ശമ്പളവര്‍ദ്ധനവാണ് ഇപ്പോള്‍ ആവശ്യമുള്ളതെന്ന് ബിഎംഎ അവകാശപ്പെടുന്നു.