
















ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന സാധാരണ ബ്രിട്ടീഷ് പൗരനിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന്റെ അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയായി. രാജകീയ സ്ഥാനപ്പേരുകള്‍ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് പൂര്‍ത്തിയാക്കിക്കൊണ്ട് ഇതുവരെ ആഘോഷമാക്കി വെച്ച എല്ലാ അവകാശങ്ങളും തിരിച്ചെടുത്തത്.
മുന്‍ യോര്‍ക്ക് ഡ്യൂക്കിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗ്രാറ്റര്‍ അംഗത്വമാണ് ചാള്‍സ് രാജാവ് തിങ്കളാഴ്ച ഔദ്യോഗികമായി റദ്ദാക്കിയത്. 1348-ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ഏറ്റവും പഴക്കമേറിയ ബ്രിട്ടീഷ് ഓര്‍ഡര്‍ ഓഫ് ഷിവല്‍റിയാണ് ഇത്. ആന്‍ഡ്രൂവിന്റെ നൈറ്റ് ഓഫ് ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി റോയല്‍ വിക്ടോറിയ ഓര്‍ഡറിന്റെയും കാലാവധി അവസാനിച്ചതായി യുകെയുടെ ഔദ്യോഗിക പബ്ലിക് റെക്കോര്‍ഡായ ദി ഗസറ്റില്‍ പ്രഖ്യാപിച്ചു.
അതേസമയം ഈ ക്രിസ്മസ് കാലം കൂടി ആന്‍ഡ്രൂ വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജില്‍ തങ്ങുമെന്നാണ് വെളിപ്പെടുത്തല്‍. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രമായിരിക്കും ഇയാള്‍ സമ്പൂര്‍ണ്ണ വനവാസത്തിനായി സാന്‍ഡിഗ്രാമിലേക്ക് പോകുക. ആന്‍ഡ്രൂവിന്റെ ബാക്കിയുള്ള എല്ലാ രാജകീയ പദവികളും, സ്ഥാനപ്പേരുകളും റദ്ദാക്കുന്നതായി രാജാവ് ഗവണ്‍മെന്റിന് ഔദ്യോഗികമായി അയച്ച റോയല്‍ വാറണ്ടിലൂടെയാണ് വ്യക്തമാക്കിയത്.
നിലവില്‍ റോയല്‍ നേവിയുടെ വൈസ് അഡ്മിറല്‍ പദവിയാണ് ആന്‍ഡ്രൂവിന് ബാക്കിയുള്ളത്. എന്നാല്‍ സൈനിക പദവി നീക്കം ചെയ്യേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. എത്രയും വേഗം ഇതിനുള്ള നടപടിയെടുക്കാന്‍ ഡിഫന്‍സ് മേധാവികള്‍ക്ക് ഉപദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ നുണകള്‍ പറഞ്ഞതും, ഇര വിര്‍ജിനിയ ജിഫ്രെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ഒപ്പം ഇയാള്‍ നടത്തിയ ഇമെയില്‍ ഇടപാടുകള്‍ കൂടുതല്‍ നാണക്കേടായി മാറുമെന്ന് ഉറപ്പായതോടെയാണ് രാജാവിന് സ്വന്തം സഹോദരനെ പടിയിറക്കേണ്ടി വന്നത്.