ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ യു കെ റീജിയന്റെ ഈ വർഷത്തെ ഫാമിലി കോണ്‍ ഫറൻസിന്റെ ലോഗോ പ്രകാശനം ചെയ്തു. ഞായറാഴ്ച കോണ്‍ഫറൻസിനാധിഥെയം വഹിക്കുന്ന ഓക്സ്ഫോർഡ് സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി ഇടവകയിൽ വിശുദ്ധ കൂർബ്ബനാന്തരം നടന്ന ചടങ്ങിൽ വച്ച് ഇപ്പോൾ യു കെ മേഖല സന്ദർശിക്കുന്ന വെരി.റവ ഫാ. ജേക്കബ് മാത്യു കോമടത്തു ശേരിയിൽ ഈ വർഷത്തെ ലോഗോയുടെ ഔപചാരികമായ പ്രകാശനം നിർവഹിച്ചു.
ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരി. പാത്രിയർക്കീസ്സ് ബവായുടെയും, കിഴക്കിന്റെ കാതോലിക്ക അബൂൻ മോർ ബസ്സേലിയോസ് തോമസ് ഒന്നാമന്റെയും ആശിർവാദത്തോടുകൂടി പരി. സഭയുടെ യു.കെ മേഖലയുടെ പാത്രയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം തിരുമേനിയുടെ മേൽനോട്ടത്തിൽ ഈ വർഷത്തെ ഫാമിലി കോണ്‍ഫറൻസ് ഓക്സ്ഫോർഡ് സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തിൽ സെന്റ് പീറ്റേഴ്സ് നഗറിൽ വച്ച് (The Park Sports Centre, Wheatley Park School, Holton, Oxford.OX33 1QZ)നടത്തപ്പെടുന്നു.
സെപ്റ്റംബർ പതിനാല് ശനിയാഴ്ച രാവിലെ വി. സ്ലീബാ പെരുന്നാളിന്റെ ഭാഗമായി പ്രത്യേകമായി നടത്തപ്പെടുന്ന വി. കുർബ്ബാനയോടു കൂടി ആരംഭിക്കുന്നതും തുടർന്ന് പതാക ഉയർത്തലും, ഉത്ഘാടന സമ്മേളനവും നടത്തപ്പെടുന്നു. അതിനു ശേഷം നടത്തപ്പെടുന്ന ക്ലാസ്സുകൾക്ക് അഭിവന്ദ്യ തിരുമേനി മാരും, വൈദിക ശ്രേഷ്ഠരും നേതൃത്വം നല്കുന്നു.
സെപ്റ്റംബർ പതിനഞ്ചിന് രാവിലെ പ്രഭാത നമസ്ക്കാരവും തുടർന്ന് വി. അൻചിന്മേൾ കുർബ്ബാനയും തുടർന്ന് പാത്രയർക്കാ ദിനാഘോഷവും നടത്തപ്പെടുന്നു.
പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യു കെ യിലെ സഭാ മക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും. ഈ സംഗമം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തെ തന്നെ രജിസ്ട്രേഷൻ എടുത്ത് അവധികൾ ക്രമീകരിച്ച് ഇതിൽ വന്നു സംബന്ധിച്ച് അനുഗ്രഹീതരാ കേണ്ടതാണെന്നു യു കെ സഭാ റീജിയണൽ കൗണ്‍സിൽ അറിയിക്കുന്നു.