ഓക്സ്ഫോർഡ് മലയാളികളുടെ സംഘടനയായ OXMAS (ഓക്സ്ഫോർഡ് മലയാളി സമാജം) ന്റെ ആഭിമുഖ്യത്തിൽ എണ്‍പതോളം ആളുകളുടെ സാന്നിധ്യത്തിൽ ഇന്ത്യയുടെ അറുപത്തിയെഴാം സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. OXMAS പെട്രണ്‍ ശ്രീ. വർഗ്ഗീസ് കെ ചെറിയാന്റെ സ്വാഗത പ്രസംഗത്തെ തുടർന്ന് പ്രസിഡന്റ് സിബി ജോസഫ് പതാകയുയർത്തി. യുക്മ വൈസ് പ്രസിഡന്റ് ശ്രീ.ടിറ്റോ തോമസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. തുടർന്ന് ടാബ്ലോ, സ്ലൈഡ് ഷോ തുടങ്ങി വിവിധ ആഘോഷ പരിപാടികൾ അരങ്ങേറി.
ആഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഇന്ത്യൻ ചരിത്രത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം നടത്തി. സ്വാതത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ചോദ്യോത്തര പരിപാടികളിൽ കുട്ടികൾക്കൊപ്പം മുതിർന്നവരും ആവേശപൂർവ്വം പങ്കെടുത്തു. ക്വിസ് മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്ത എലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. OXMASനു വേണ്ടി സെക്രട്ടറി ജൈസണ്‍ കുര്യൻ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. ഭക്ഷണത്തിന് ശേഷം പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന OXMAS എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രവർത്തി ദിവസം ആയിരുന്നിട്ട് കൂടി ഇത്രയധികം ആളുകളെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളിൽ പങ്കെടുപ്പിക്കാൻ സാധിച്ചതിൽ OXMAS കമ്മിറ്റി ചാരിതാർത്ഥ്യം പ്രകടിപ്പിച്ചു. അതോടൊപ്പം ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആശയവിനി മയത്തിൽ ഇന്റർനെറ്റിനുള്ള പ്രാധാന്യം കണക്കിലെടുത്ത് കൂടുതൽ ജനോപകാരപ്രദങ്ങലായ കാര്യങ്ങൾ OXMAS വെബ് സൈറ്റിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി രംഗത്ത് പ്രഗൽഭരായ ശ്രീ. ജിത്തിൻ ടിറ്റോയെ OXMAS ന്റെ ഐ ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു.