സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്പോര്‍ട്സ് ഡേയും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും സംയുക്തമായി ആഗസ്റ്റ് 18ന് കാലത്ത് പത്ത് മണി മുതല്‍ ആഘോഷിക്കുന്നു. സ്വാന്‍സിയിലെ മികച്ച ഗ്രൗണ്ടുകളിലൊന്നായ എല്‍ബ സ്പോര്‍ട്സ് കോംപ്ലക്സ്, ഗോവര്‍ട്ടനില്‍ വച്ചാണ് മത്സരങ്ങളും ആഘോഷങ്ങളും നടക്കുക. ഗ്രൗണ്ടിനോട് ചേര്‍ന്ന്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ടോയിലെറ്റ് സൗകര്യവും മറ്റും ഉള്ളതിനാല്‍ കുടുംബസമേതം വരുന്നവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കുന്നതല്ല. കുടിവെള്ളവും മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും അസോസിയേഷന്‍ പ്രതിനിധികള്‍ ഗ്രൗണ്ടില്‍ തന്നെ ലഭ്യമാക്കുന്നതായിരിക്കും. കാലത്ത് പത്ത് മണി മുതല്‍ രണ്ടു മണി വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സ്പോര്‍ട്സ് മത്സരങ്ങളും തുടര്‍ന്ന് രണ്ട് മണി മുതല്‍ ആറു മണി വരെ ക്രിക്കറ്റ് മത്സരവും എന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കിഡ്സ്, സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ തരം തിരിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 50മീ., 100മീ., 200മീ., 400മീ. ഓട്ട മത്സരങ്ങളും, മുട്ടായി പെറുക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, ചാക്കിലോട്ടം, കസേരകളി, സ്പൂണ്‍ റേസ്, മെഴുകുതിരി കത്തിച്ചു കൊണ്ട് ഓട്ടം തുടങ്ങിയ നാടന്‍ ഓണാഘോഷ മത്സരങ്ങളും സ്പോര്‍ട്സ് ഡേയില്‍ ഉണ്ടായിരിക്കും. സ്പോര്‍ട്സ് ഡേ സംഘടിപ്പിക്കുന്നതിനും മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി സ്പോര്‍ട്സ് സെക്രട്ടറിമാരായ ബിനോജി ആന്‍റണി, സിജി സിബി എന്നിവരോടൊപ്പം സന്തോഷ് മാത്യു, അനി രാജ്, ജിജി ജോര്‍ജ്ജ്, ഷാജി ജോസഫ്, ജേക്കബ് ജോണ്‍ എന്നിവരെയും ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനായി ബിജു ദേവസ്യയെയും അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തി. സ്പോര്‍ട്സ് ഡേയിലെ വിധി നിര്‍ണ്ണയത്തില്‍ അപാകതകളോ പരാതിയോ ഉണ്ടായാല്‍ തീര്‍പ്പാക്കുന്നതിനായി ബിന്‍സു ജോണ്‍, ടോമി ജോസഫ്, ബിജു ദേവസ്യ എന്നിവരടങ്ങുന്ന അപ്പീല്‍ കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. സ്പോര്‍ട്സ് മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കും ക്രിക്കറ്റ് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്കും ഓഗസ്റ്റ് 31ന് നടക്കുന്ന ഓണാഘോഷ വേദിയില്‍ വച്ച് ട്രോഫികളും മെഡലുകളും സമ്മാനിക്കുന്നതായിരിക്കും. സ്വാന്‍സിയിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവന്‍ മലയാളികളെയും അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ സ്പോര്‍ട്സ് മത്സരം കാണുന്നതിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുമായി ക്ഷണിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിന്‍സു ജോണിനെയോ, സെക്രട്ടറി ബിജു വിതയത്തിലിനെയോ ബന്ധപ്പെടുക.
ബിന്‍സു ജോണ്‍ - 07828840530
ബിജു വിതയത്തില്‍ - 07727228976
മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ അഡ്രസ് താഴെ കൊടുത്തിരിക്കുന്നു.
Elba Gowerton,
Mill Street,
Swansea. SA4 3ED