1970 കളുടെ അന്ത്യത്തിലും 80 കളുടെ തുടക്കത്തിലും കരിസ്മാറ്റിക്കുകാര്‍ക്കായി സമയം ചിലവഴിക്കാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നു ഫ്രാൻസിസ് മാര്‍പാപ്പ ഓര്‍മ്മിക്കുന്നു. "ആരാധാനാക്രമാഘോഷത്തെ സാംബാ നൃത്തവുമായി കൂട്ടിക്കുഴക്കുന്നവരെന്നും ഒരിക്കല്‍ ഞാന്‍ അവരെ കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇന്നു ഞാനതില്‍ ഖേദിക്കുന്നു. സഭയ്ക്കാകെ വലിയ നന്മ ചെയ്യുന്നതാണ് ഈ പ്രസ്ഥാനമെന്ന് ഇന്നു ഞാന്‍ ചിന്തിക്കുന്നു.പെന്തക്കോസ്തല്‍ സഭകളിലേയ്ക്കു വിശ്വാസികള്‍ പോകുന്നതിനെ തടയുക മാത്രമാണ് കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം ചെയ്യുന്നതെന്നു താന്‍ കരുതുന്നില്ല. അങ്ങിനെയല്ല! അതു സഭയെ സേവിക്കുകയാണ്. അതു നമ്മെ നവീകരിക്കുകയാണ്.'' മാര്‍പാപ്പ പറഞ്ഞു. ബ്രസീലില്‍ നിന്നുള്ള മടക്കയാത്രാമദ്ധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സഭാത്മക പ്രസ്ഥാനങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാണെന്നും മാര്‍പാപ്പ പറഞ്ഞു.
അമേരിക്കയില്‍ ആരംഭിക്കുകയും ലോകമെങ്ങും പടരുകയും ചെയ്ത കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം ഏറ്റവും ശക്തമായിരിക്കുന്നത് ലാറ്റിനമേരിക്കയിലാണ്. ബ്രസീലിലെ ആഗോള യുവജനദിനാഘോഷചടങ്ങുകള്‍ വൻ വിജയമാക്കിയതില്‍ കരിസ്മാറ്റിക് പ്രസ്ഥാനം നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പായുടെ വാക്കുകള്‍.
238 ലോക രാജ്യങ്ങളിലായി 12 കോടി കത്തോലിക്കര്‍ ഇപ്പോള്‍ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലുണ്ടെന്നു കണക്കാക്കപ്പെടുന്നു.