അപ്രതീക്ഷിതമായ ദുരന്തത്തിന് മുന്നില്‍ വിറങ്ങലിച്ചു നിന്നു പോയ വിജയകുമാറിന്‍റെ ഭാര്യ ഇന്ദുവിന്‍റെ അടുക്കല്‍ സഹായത്തിനായി എത്തിയ സുഹൃത്തുക്കള്‍ ആദ്യം സമീപിച്ചത് യുക്മ നേതൃത്വത്തെ ആയിരുന്നു. ഇന്ദുവിന്‍റെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച യുക്മയും, യുക്മ ചാരിറ്റി ഫൗണ്ടേഷനും യു.കെ മലയാളികളുടെ സുമനസ്സിന് മുന്‍പിലേക്ക് ഈ അഭ്യര്‍ത്ഥന വയ്ക്കുകയായിരുന്നു. ആപത്ഘട്ടങ്ങളിലെല്ലാം സഹായഹസ്തങ്ങള്‍ നീട്ടുന്നതില്‍ വിമുഖത കാണിച്ചിട്ടില്ലാത്ത യു.കെ മലയാളി സമൂഹം ഇക്കാര്യത്തിലും പതിവ് തെറ്റിച്ചില്ല. യുക്മയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ദുവിന്‍റെ അക്കൌണ്ടിലേക്ക് ഒഴുകിയെത്തിയത് പതിമൂവായിരം പൗണ്ടിലധികമാണ്. ഇതും വിജയകുമാറും ഇന്ദുവും താമസിച്ചിരുന്ന റെഡ്‌ഫോര്‍ഡിലെ മലയാളികള്‍ നല്‍കിയ തുകയും മറ്റു ചില സന്നദ്ധസംഘടനകള്‍ നല്‍കിയ തുകകളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പൗണ്ട് തന്‍റെ അക്കൗണ്ടില്‍ എത്തിയെന്നും കൂടുതല്‍ പണം ആവശ്യമില്ലെന്നും നന്ദിപൂര്‍വ്വം ഇന്ദു യുക്മ ഭാരവാഹികളെ അറിയിച്ചതിനാലാണ് ഇക്കാര്യത്തിലുള്ള സഹായത്തിനായി നടത്തി വരുന്ന ഫണ്ട് ശേഖരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
യുക്മയുടെ അഭ്യര്‍ത്ഥന പ്രകാരവും അല്ലാതെയും സഹായിക്കാന്‍ സന്മനസ്സ് കാണിച്ച എല്ലാവരോടും നന്ദി അറിയിക്കാന്‍ കൂടി ഇന്ദു യുക്മ ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഈ കാര്യം യു.കെ മലയാളികളോട് പങ്ക് വയ്ക്കുന്നതോടൊപ്പം ഇത് പോലെയുള്ള ഏതാപത്ത്ഘട്ടത്തിലും ഓരോ യു.കെ മലയാളിക്കുമൊപ്പം കൈത്തങ്ങാവാന്‍ യുക്മ എന്ന സംഘടനയും അതിന്‍റെ എളിയ പ്രവര്‍ത്തകരും എക്കാലവും ഉണ്ടായിരിക്കുമെന്ന് കൂടി ഈ അവസരത്തില്‍ അറിയിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ ഇനി മുതല്‍ യുക്മയ്ക്ക് കഴിയുന്നതായിരിക്കും.
വിജയകുമാറിന്‍റെ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോട് കാര്യക്ഷമമായി പ്രതികരിച്ച ചില അംഗ അസോസിയേഷനുകളുടെ പേര് ഇവിടെ എടുത്ത് പറയേണ്ടതാണ്. അംഗങ്ങളുടെ ഇടയിലിറങ്ങി പിരിവ് നടത്തി ആയിരത്തി ഒരുനൂറ്റിഅന്‍പത് പൗണ്ട് ശേഖരിച്ച നോട്ടിംഗ്‌ഹാം മലയാളി അസോസിയേഷന്‍, എണ്ണൂറ് പൗണ്ട് വീതം ശേഖരിച്ച ഇപ്സ്‌വിച്ച് മലയാളി അസോസിയേഷന്‍, കേരള ക്ലബ് നനീട്ടന്‍, അഞ്ഞൂറു പൗണ്ട് ശേഖരിച്ച യുനൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍, മുന്നൂറ് പൗണ്ട് ശേഖരിച്ച കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ എന്നിവ ഇവയില്‍ ചിലതാണ്. അത് പോലെ തന്നെ ഈ ആഹ്വാനം ഓരോ യു.കെ മലയാളികളെയും അറിയിക്കുന്നതില്‍ ക്രിയാത്മകമായ പങ്ക് വഹിച്ച റീജിയണല്‍ ഭാരവാഹികളെയും, അസോസിയേഷന്‍ ഭാരവാഹികളെയും, യുക്മയുടെ അഭ്യര്‍ത്ഥന പ്രസിദ്ധീകരിച്ച യു.കെയിലെ ഓണ്‍ലൈന്‍ പത്രങ്ങളെയും ഈയവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ഇവരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ദുവിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് യു.കെ മലയാളികളുടെ ഒത്തൊരുമയും സഹായമനസ്ഥിതിയും ഒരിക്കല്‍ കൂടി പ്രകടമാക്കിയ ഓരോരുത്തര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായും യുക്മ അറിയിക്കുന്നു.