മാഞ്ചസ്റ്റർ: ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷമാണ് പങ്കാളിത്തം കൊണ്ടും വേറിട്ട ആഘോഷ രീതികൊണ്ടും ശ്രദ്ധേയമായത്. മാഞ്ചസ്റ്ററിലെ ഇംഗ്ലീഷ് മാരിട്ടേഴ്‌സ് ഹാളിലാണ് പരിപാടി അരങ്ങേറിയത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യമന്ത്രി കെ.എം. മാണി, മന്ത്രി പി.ജെ. ജോസഫ്, കോട്ടയം എംപി ജോസ് കെ. മാണി, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് നരേന്ദ്രന്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിന സന്ദേശം ഫോണിലൂടെ നേര്‍ന്നു. റെക്കോഡ് ചെയ്ത സന്ദേശമാണ് ചടങ്ങിനിടെ കേള്‍പ്പിച്ചത്.
നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കൂടിയായ സാബു കുര്യന്‍ തന്റെ അനുഭവങ്ങളും പങ്കുവച്ചു. യുകെയിലുള്ള മലയാളി സമൂഹം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സമയം കണ്ടെത്തിയതിലുള്ള ആഹ്ലാദമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കുവച്ചത്. മൂന്നു മിനിറ്റോളം നീണ്ടുനിന്ന സന്ദേശമാണ് അദ്ദേഹം ഫോണിലൂടെ യുകെയിലുള്ള മലയാളി സമൂഹത്തിന് നല്‍കിയത്.
ഇത്തരമൊരു പരിപാടിയെക്കുറിച്ച് അറിയിച്ചപ്പോള്‍ ഏറെ ആവേശത്തോടെയാണ് കെ.എം. മാണി പ്രതികരിച്ചത്. യുകെയിലെ മലയാളി സമൂഹം നാടിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിലുള്ള ആഹ്ലാദം താന്‍ നേരിട്ടറിഞ്ഞതും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. നേരിട്ട് സാന്നിധ്യമാകാന്‍ കഴിയാത്തതിലുള്ള വിഷമവും അദ്ദേഹം പങ്കുവച്ചു.
നാലു മിനിറ്റോളം നീണ്ടുനിന്ന ശബ്ദ സന്ദേശമാണ് ജല വിഭവ വകുപ്പ് മന്ത്രി പി.കെ. ജോസഫ് നല്‍കിയത്. പ്രവാസികളുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാകാന്‍ ശബ്ദത്തിലൂടെയെങ്കിലും കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം അദ്ദേഹം പ്രകടിപ്പിച്ചു. യുകെയിലുള്ള മലയാളി സമൂഹത്തിന്റെ ദേശസ്‌നേഹത്തില്‍ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം രാഷ്ട്ര നിര്‍മാണത്തില്‍ പ്രവാസി മലയാളികള്‍ വഹിക്കുന്ന പങ്കും ഓര്‍മിപ്പിച്ചു.
മഹാത്മാ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു ചടങ്ങിലെ മറ്റൊരു ആകര്‍ഷണം. മാഞ്ചസ്റ്ററിലെ കലാരംഗത്ത് സജീവമായ ചാക്കോ ലൂക്ക് ഗാന്ധിജിയായി അണിഞ്ഞൊരുങ്ങിയെത്തിയപ്പോള്‍ സദസ് ഒന്നടങ്കം എഴുന്നേറ്റാണ് നമ്മുടെ രാഷ്ട്രപിതാവിനോടുള്ള ആദരം അറിയിച്ചത്. കുട്ടികള്‍ അടക്കമുള്ള സദസ് ഏറെ ആവേശത്തോടെയാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
ജിപിഎംസി ഗ്ലോബല്‍ ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാകുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയത്തിനതീതമായി വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാന്നിധ്യമായി. ഒഐസിസി നാഷണല്‍ ജോയിന്റ് കണ്‍വീനര്‍ ലക്‌സണ്‍ കല്ലുമാടയ്ക്കല്‍, സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായ കെ.ഡി. ഷാജിമോൻ, സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോര്‍ജ് ഇമ്മാനുവല്‍ ഗ്രാസണ്‍, ജിപിഎംസി ഭാരവാഹികളായ സ്റ്റാനി ഇമ്മാനുവല്‍, ഷാജി വരാക്കുടി, റെജി മഠത്തിലേട്ട്, ജിന്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
എ ലെവില്‍ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി മെഡിസിന് അഡ്മിഷന്‍ ഉറപ്പിച്ച സാന്ദ്ര ചാക്കോ മഠത്തിലേട്ടിനും മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന യുക്മ മുന്‍ ഭാരവാഹി കൂടിയായ കെ.ഡി. ഷാജിമോനും ചടങ്ങില്‍ ആദരം അര്‍പ്പിച്ചു. ഇരുവര്‍ക്കും മൊമെന്റോ നല്‍കിയാണ് ജിപിഎംസി അദരവ് പ്രകടിപ്പിച്ചത്. യുക്മയുടെ നേതാവെന്ന നിലയില്‍ യുകെ മലയാളികളുടെ ആദ്യ പൊതു ചാരിറ്റി പരിപാടിക്ക് നേതൃത്വം കൊടുത്തത് ഷാജിമോനാണ്.