CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 44 Seconds Ago
Breaking Now

ശിശിരത്തില്‍ ഒരുക്കിയ കലാ വിസ്മയം ; യുകെ മലയാളികള്‍ക്ക് ആവേശമായി " ഓര്‍മ്മയില്‍ ഒരു ശിശിരം"

ഇന്നലെ ലെസ്റ്ററില്‍ അരങ്ങേറിയ യുകെ മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദി ഒരുക്കിയ ഓര്‍മ്മയില്‍ ഒരു ശിശിരം ഇനിയുള്ള ശിശിരങ്ങളിലേക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു കലാവിരുന്നായിരുന്നു.

കലകാരന്മാര്‍ ഒരുമിച്ച് ഒരു മികച്ച പരിപാടി ഒരുക്കിയപ്പോള്‍ യുകെ മലയാളികളെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമായി മാറി.കുറേ പേര്‍ ഒരു നല്ല കാര്യത്തിനായി ഒരുമിക്കുമ്പോള്‍ അതിന് മാറ്റ് കൂടുമെന്നുള്ളത് പറയേണ്ടതില്ലല്ലോ.ജിം തോമസ് എന്ന മഹാകലാകാരന്‍ നീറോ ചക്രവര്‍ത്തിയായി സദസ്സില്‍ ആടി തീര്‍ത്തപ്പോള്‍ കാണികള്‍ക്കിത് മറക്കാനാകാത്ത നിമിഷമാണ് സമ്മാനിച്ചത് .മനോഹരഗാനവുമായി ദീപ,മികച്ച പ്രകടനവുമായി ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്നിവരെല്ലാം ചേര്‍ന്ന് ലെസ്റ്ററില്‍ നല്ല കലാസൃഷ്ടി ഒരുക്കി.കരോക്കെയില്ലാതെ ലൈവ് ഓര്‍ക്കസ്ട്ര എന്നതും ലൈറ്റിങ്ങ് സിസ്റ്റവും പരിപാടിയ്ക്ക് വ്യത്യസ്തത സമ്മാനിച്ചു.

പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായത് നാടകം തന്നെ.നോട്ടിങ്ഹാം സംഘചേതനയുടെ ദാഹിക്കുന്ന ചെങ്കോല്‍ എന്ന നാടകം ഗൃഹാതുരത്വം ഉണര്‍ത്തുന്ന അനുഭവമായിമാറി.യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓര്‍മയില്‍ ഒരു ശിശിരം വലിയ വിജയം തന്നെയായിരുന്നു.വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങി പത്തുവരെ നീണ്ട പരിപാടികളായിരുന്നു അരങ്ങേറിയത് .

കാര്‍ഡിഫില്‍ നിന്നുള്ള ലിറ്റില്‍ ഏയ്ഞ്ചല്‍സിന്റെ പ്രകടനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.തുടര്‍ന്ന് പ്രശസ്ത തെലുങ്ക് നര്‍ത്തകി ചിത്ര സുരേഷ് അവതരിപ്പിച്ച കുച്ചുപ്പടി അരങ്ങേറി.

തുടര്‍ന്ന് ലൈവ് ഓര്‍ക്കസ്ട്ര ഉപയോഗിച്ച് നടന്ന ഗാനമേളയില്‍ കനെഷ്യസ് അത്തിപ്പോഴിയില്‍, അജിത് പാലിയത്ത്,ഹരീഷ് പാല,ദീപ സന്തോഷ്,ദേവലാല്‍ സഹദേവന്‍,ബിനോയ്,അലീന സജീഷ്, അപര്‍ണ ഹരീഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

മനോജ് ശിവ,ജോര്‍ജ് (തബല) ,ജോയി (ഡ്രം സെറ്റ് ),സാബു,സജി (ഗിറ്റാര്‍ ),സിജോ (കീ ബോര്‍ഡ്) എന്നിവര്‍ വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തു.ഇടവേളയില്‍ തബലയില്‍ മനോജ് ശിവ നടത്തിയ സോളോ പ്രകടനം ഏറെ ഹൃദ്യമായിരുന്നു,

ശ്രുതി സൗണ്ട്‌സിലെ സിനോയും ജോബിയുമാണ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചത്.പരിപാടിയിലെ അവസാന ഇനമായാണ് ദാഹിക്കുന്ന ചെങ്കോല്‍ എന്ന നാടകം അവതരിക്കപ്പെട്ടത്.നോട്ടിംഗ്ഹാം സംഘചേതനഅവതരിപ്പിച്ച നാടകത്തില്‍ ജിം തോമസ്,ഡിക്‌സ് ജോര്‍ജ്,മനോജ് നായര്‍,കനെഷ്യസ് അത്തിപ്പോഴിയില്‍,സാജന്‍ അറയ്ക്കല്‍,ജോമോന്‍ ജോസ്,അഭിലാഷ് തോമസ് എന്നിവര്‍ അഭിനയിച്ചു.

പ്രശസ്ത ബ്ലോഗ്ഗര്‍ ആയ മുരളി മുകുന്ദനെ സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.യുകെ മലയാളികള്‍ക്കിടയിലെ പ്രശസ്ത കലാകാരന്മാരായ മുരുകേഷ് പനയറ,അനിയന്‍ കുന്നത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പരിപാടിയോട് അനുബന്ധിച്ച് അവയവ ദാന ബോധവല്‍ക്കരണ സന്ദേശവും നല്‍കി.അലക്‌സ് കണിയാം പറമ്പില്‍,ജേക്കബ് കോയിപ്പള്ളി,ആനി പാലിയത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.