CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 14 Seconds Ago
Breaking Now

ഈ ലോകത്തിലെ ഓട്ടം പൂര്‍ത്തിയാക്കി സക്കറിയാസ് അച്ചന്‍ നിത്യതയിലേക്ക് യാത്രയായി ; പൗരോഹിത്യം തപസ്യയാക്കിയ യുകെ മലയാളികളുടെ പ്രിയപ്പെട്ട അച്ഛന്റെ വിടവാങ്ങല്‍ യുകെ മലയാളികള്‍ക്ക് വേദനയാകുന്നു

സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച ചൊവ്വരയിലെ നിത്യ സഹായ ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കും.

ഒരു ജീവിതത്തില്‍ ചെയ്യാനുള്ള കര്‍മ്മം മുഴുവന്‍ പൂര്‍ത്തിയാക്കി തന്റെ ജീവിതം ദൈവത്തിനു സമര്‍പ്പിച്ച് മാതൃകാ ജീവിതം പുലര്‍ത്തിയ വ്യക്തിയായിരുന്നു ഫാദര്‍ സക്കറിയ അച്ചന്‍. യുകെ മലയാളികള്‍ക്ക് പ്രിയങ്കരനായ അച്ചന്റെ വിയോഗം ഏവരിലും വേദനയുണ്ടാക്കുകയാണ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച ചൊവ്വരയിലെ നിത്യ സഹായ ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കും.

ദീര്‍ഘകാലം ഗ്ലോസ്റ്ററില്‍ ഉണ്ടായിരുന്ന അച്ഛന്‍ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചിരുന്നു. സ്ട്രൗഡിലെ മോര്‍ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനും ഗ്ലോസ്റ്ററിലെ വിവിധ കാത്തോലിക്കാ സമൂഹങ്ങളുടെ ആത്മീയ ഗുരുവുമായ ഫാ സഖറിയാസ് കാഞ്ഞൂപ്പറമ്പിലിന് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.

ക്യാന്‍സര്‍ ബാധിതനായിട്ടാണ് മരണം. ജീവിതത്തിലെ നല്ലൊരു ഭാഗം സേവനത്തിനായി വിനിയോഗിച്ചു, ഇനി പോകേണ്ടതുണ്ടെന്നും ക്യാന്‍സറിന്റെ ചികിത്സയ്ക്കായി ഇനി മുതിരുന്നില്ലെന്നുമായിരുന്നു രോഗ ബാധിതനെന്ന് അറിഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് പുറമേ കാന്‍സര്‍ ബാധിതനുമായതോടെയാണ് അച്ചന്‍ യുകെയില്‍ നിന്ന് ആലുവ ചൊവ്വരയിലെയ്ക്ക് എത്തിയത്. ഇവിടെ വച്ചായിരുന്നു മരണം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് നെടുമുടിയില്‍ കാഞ്ഞൂപറമ്പില്‍ വീട്ടിൽ ജനിച്ച ഫാ സഖറിയാസ് 1964 ആഗത് 29ാം തിയതിയാണ് തിരുപട്ടം സ്വീകരിച്ചത്. സിഎസ്എസ്ആര്‍ സഭാംഗമായ അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷം 2011 ലാണ് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിലുള്ള മോര്‍ ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനായി എത്തിയത്. യുകെയിലെ അച്ചന്മാരുടെ പിതാവെന്ന് പറയാവുന്ന വിധം ഏവര്‍ക്കും വഴികാട്ടിയായിരുന്നു. ഗ്ലോസ്റ്ററിലെ ഏവര്‍ക്കും സുപരിചിതനും പ്രിയങ്കരനുമായിരുന്നു. അച്ചന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചില്‍ വച്ചു നടത്തിയപ്പോള്‍ ചടങ്ങ് ഏവര്‍ക്കും അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു.

വ്യക്തിപരമായി യൂറോപ് മലയാളിയ്ക്കും അച്ചന്റെ വിയോഗം വേദനയാണ്. വളരെ സ്‌നേഹത്തോടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും വളര്‍ച്ചയില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന അച്ചന്റെ വിയോഗം വേദനാജനകമാണ്. ആ ആത്മാവിന് നിത്യശാന്തി നേരുന്നു...




കൂടുതല്‍വാര്‍ത്തകള്‍.