കേരളത്തില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരമേഖലകളില്‍ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കേരളത്തില്‍ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ഈ ചുഴി ന്യൂനമര്‍ദ്ദമായി വികാസം പ്രാപിക്കും.
ഇതേതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഒഡീഷ, ജാര്‍ഖണ്ഡിന്റെ തെക്കന്‍ ഭാഗങ്ങള്‍, ചത്തീസ്ഗഢിന്റെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.
അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.