ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൂറ് ഏക്കറോളം ഭൂമി ഒലിച്ചു പോയ പ്രദേശത്ത് നിന്ന് കണാതായത് 63 പേരെയാണെന്ന് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. 19 മൃതദേഹങ്ങള്‍ ഇതിനോടകം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. കാണാതായ നാലു പേര്‍ ബന്ധുവീടുകളില്‍ സുരക്ഷിതരായുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. ഇനി കണ്ടെത്താനുള്ളത് 40 പേരെയാണ്. 50 മുതല്‍ 60 അടി വരെ ഉയരത്തിലാണ് കവളപ്പാറയില്‍ മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്.
നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്നലെ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.മഴ മാറി നിനത്തിനെ തുടര്‍ന്നാണ് ഇന്ന് പ്രദേശത്ത് കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചത്. മണ്ണിനടിയില്‍ അകപ്പെട്ട ഉറ്റവരെ ഒരു നോക്കു കാണാനുള്ള ബന്ധുക്കളുടെ കാത്തുനില്‍പ്പ് തുടരുകയാണ്.
ജെസിബി പോലെയുള്ള യന്ത്രങ്ങള്‍ പ്രദേശത്ത് കൂടുതലായി എത്തിച്ച് തെരച്ചില്‍ നടത്തണമെന്നാണ് പ്രാദേശിവാസികളുടെ ആവശ്യം. മണ്ണ് മൂടിയതോടെ വീടുകളുടെ യാഥാര്‍ത്ഥ സ്ഥാനം കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. മണ്ണിനടിയില്‍ അകപ്പെട്ട സൈനികനായ വിഷ്ണുവിനെയും കുടുംബത്തെയും ഇതു വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.