കത്തിയുമായി വന്ന രണ്ടു കള്ളന്മാരെ പ്ലാസ്റ്റിക് കസേരയും ചെരിപ്പും കൊണ്ട് നേരിട്ട് വയോധിക ദമ്പതിമാര്‍. തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.ദമ്പതിമാര്‍ ചേര്‍ന്ന് കള്ളന്മാരെ തുരുത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ഷണ്‍മുഖവേല്‍ എന്ന 70 കാരന്റെയും 65 കാരിയായ ഭാര്യ സെന്താമരെയുടേയും ഫാം ഹൗസിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടു കള്ളന്മാരാണ് എത്തിയത്. ഒരാള്‍ ഷണ്‍മുഖവേലിന്റെ പിന്നിലൂടെയെത്തി കഴുത്തില്‍ തുണിമുറുക്കി. ഈസമയം ഒച്ചയുണ്ടാക്കിയത് കേട്ടെത്തിയ സെന്താമരൈ കവര്‍ച്ചക്കാരന് നേരെ നിലത്തുകിടന്ന ചെരിപ്പ് വലിച്ചെറിഞ്ഞു. ഇതിനിടെ കള്ളന്റെ പിടിയില്‍ നിന്ന് ഷണ്‍മുഖവേല്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് കള്ളന്മാരെ നേരിട്ടു.മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകള്‍ കൊണ്ട് ഷണ്‍മുഖവേലും സെന്താമരൈയും കള്ളന്മാരെ ആക്രമിച്ചു. സംഭവത്തില്‍ സെന്താമരൈയുടെ കൈയ്ക്ക് പരിക്കേറ്റു. സെന്താമരൈയുടെ 33 ഗ്രാമിന്റെ സ്വര്‍ണ്ണമാല കള്ളന്മാര്‍ പൊട്ടിച്ചെടുത്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.