പിഎസ്‌സി പരീക്ഷാ റാങ്ക് പട്ടികയില്‍ ഇടം നേടിയ മുന്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് സമ്മതിച്ച് പൊലീസുകാരന്‍ ഗോകുല്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ ചോദ്യപ്പേപ്പര്‍ പരിശോധിച്ച് എസ്എംഎസുകളായി ഉത്തരം അയച്ചുവെന്നാണ് അഞ്ചാം പ്രതിയായ ഗോകുല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയായ പൊലീസുകാരന്‍ ഗോകുല്‍ കുറ്റംസമ്മതിച്ചത്. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്‌സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമാണ് മൊഴി. എന്നാല്‍ ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നാണ് ഗോകുലിന്റെ മൊഴി. കേസിലെ മറ്റൊരു പ്രതിയായ സഫീറിനാണ് ചോദ്യപേപ്പര്‍ കിട്ടിയതെന്നാണ് ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയെന്നും മൊഴി നല്‍കി. മൂന്ന് ദിവസത്തേക്കാണ് ഗോകുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം അന്നേ ദിവസം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രമക്കേട് കണ്ടെത്തിയ പരീക്ഷയുടെ ചുമതല ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പിഎസ്‌സി സെക്രട്ടറി ക്രൈബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവരെയും ഉടന്‍ ചോദ്യം ചെയ്യും.