പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് പുറമേ ജോസഫ് വിഭാഗത്തിലെ മറ്റൊരാള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി പി ജെ ജോസഫ്. സൂക്ഷ്മ പരിശോധനയുടെ സമയത്ത് ചിഹ്നം സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ആളുണ്ടാവണമെന്നതിനാലാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൂടി നിര്‍ത്തിയത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക പിന്‍വലിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ചിഹ്നം നേടാനുള്ള ശ്രമം തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. പ്രാദേശികമായി നേതാക്കള്‍ അവരുടെ സാമാന്യബോധം ഉപയോഗിച്ച് ചെയ്തതാണിത്. ഇക്കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തിന് ബോധ്യപ്പെട്ടോളുമെന്നും പി ജെ ജോസഫ് പറഞ്ഞു.
നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേയായിരുന്നു ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.