ഹാന്‍ഡ് ലഗേജില്‍ ഇട്ട് വിമാനയാത്രയില്‍ അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ അമേരിക്കന്‍ വനിതയുടെ ഹാന്‍ഡ് ലഗേജില്‍ നിന്നും അധികൃതര്‍ കണ്ടെത്തിയത് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ്. ഫിലിപ്പൈന്‍സില്‍ നിന്നും കുഞ്ഞിനെ കടത്താനുള്ള ശ്രമത്തിനിടെയാണ് അമേരിക്കന്‍ വനിത പിടിയിലായത്.
ഓണ്‍ലൈനില്‍ പരിചയപ്പെട്ട കൗമാരക്കാരിയായ അമ്മയില്‍ നിന്നും ദത്തെടുക്കാന്‍ സമ്മതിച്ച് എത്തിയ 43കാരി ജെന്നിഫര്‍ ടാല്‍ബോട്ടാണ് കുഞ്ഞുമായി പറക്കാനെത്തിയത്. എന്നാല്‍ യുഎസിലേക്ക് പോകാനുള്ള ശ്രമത്തിനിടെ മനില എയര്‍പോര്‍ട്ടില്‍ വെച്ച് ഇവര്‍ പിടിയിലായി. ഒഹിയോ ടാല്‍ബോട്ട് സ്വദേശിനിയാണ് ജെന്നിഫര്‍.
വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാരിയുടെ അരയില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ബാഗിന്റെ അസാധാരണ വലുപ്പം ശ്രദ്ധിച്ച് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇമിഗ്രേഷന്‍, സെക്യൂരിറ്റി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് ഡെല്‍റ്റാ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തില്‍ പോലീസിന് വിവരം നല്‍കിയത്.
അറസ്റ്റിലായ ജെന്നിഫറിന്റെ ദേശീയ ടെലിവിഷന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇവര്‍ക്കെതികെ മനുഷ്യക്കടത്തിനും, കുട്ടികളെ പീഡിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളും ചുമത്തുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ആണ്‍കുഞ്ഞിന്റെ അമ്മയുമായി പണമിടപാട് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.